ഐപിഎല്ലിലെ സൂപ്പർ സൻഡെയിലെ രണ്ടാം മത്സരത്തിൽ ഡൽഹിക്കെതിരെ ഗുജറാത്തിന് 10 വിക്കറ്റ് ജയം. ആറ് പന്തുകൾ ബാക്കി നിൽക്കെയാണ് ഗുജറാത്തിന്റെ വിജയം. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 199 റൺസ് വിജയ ലക്ഷ്യം ഗുജറാത്ത് ഓപ്പണർമാർ നിസാരമായി മറികടക്കുയായിരുന്നു. സായ് സുദർശന്റെ സെഞ്ചുറിയും ശുഭ്‌മാൻ ഗില്ലിന്റെ അർധ സെഞ്ച്വറിയുമാണ് ഗുജറാത്തിനെ അനായാസ വിജയത്തിലെത്തിച്ചത്. വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസും ഒപ്പം പഞ്ചാബ് കിംഗ്സ്, , റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളും പ്ലേ ഓഫിൽ പ്രവേശിച്ചു.
Also Read: 2.5 ഓവറില്‍ 50 റണ്‍സ്; തോല്‍വിയിലും തലയെടുപ്പോടെ രാജസ്ഥാന്റെ വൈഭവ്-ജയ്സ്വാള്‍ കൂട്ടുകെട്ട്
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ. രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡൽഹിയെ പൊരുതാൻ കഴിയുന്ന സ്കോറിലെത്തിച്ചത്. 65 പന്തിൽ 112 റൺസാണ് രാഹുൽ നേടിയത്. 14 ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. ഇതോടെ, ഏറ്റവും വേഗത്തിൽ 8000 ടി20 റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററായി കെ.എൽ. രാഹുൽ. 224 ഇന്നിങ്സിലാണ് നേട്ടം. ടി20 ക്രിക്കറ്റിൽ 8,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വേഗതയേറിയ ബാറ്റ്സ്മാൻ എന്ന നേട്ടമാണ് രാഹുൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ക്രിസ് ഗെയ്‌ലിനും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനും പിന്നിലാണ് രാഹുൽ. മത്സരത്തില്‍ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഫാഫ് ഡു പ്ലെസിസ് (5), അഭിഷേക് പോറൽ (30), അക്സർ പട്ടേൽ (25), ട്രിസ്റ്റൻ സ്റ്റബ്സ് (21) എന്നിവർക്ക് തിളങ്ങാനായില്ല.
ഗുജറാത്തിന്റെ മറുപടി ബാറ്റിങ്ങിൽ ഡൽഹി ബൗളിങ് നിര തരിപ്പണമായി. 61 പന്തിൽ നിന്ന് 108 റൺസാണ് സായ് സുദർശൻ നേടിയത്. 12 ഫോറും നാല് സിക്സുമാണ് സായ് അടിച്ചെടുത്തത്. 53 പന്തിൽ 93 റൺസ് നേടി ഗില്ലിന്റെ പിന്തുണ കൂടിയായപ്പോൾ ആറ് പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് വിജയിച്ചു. 16.33 എക്കോണമിയിൽ പന്തെറിഞ്ഞ നടരാജനാണ് സായ്-ഗിൽ സഖ്യത്തിന്റെ പ്രഹരം ശരിക്കും ഏറ്റുവാങ്ങിയത്. മൂന്ന് ഓവറിൽ 49 റൺസാണ് നടരാജൻ വഴങ്ങിയത്. ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേൽ എറിഞ്ഞ മൂന്ന് ഓവറുകളിലായി 35 റൺസാണ് ഗുജറാത്ത് ഓപ്പണർമാർ നേടിയത്.