NEWSROOM

IPL 2025: സമ്പൂർണ ഷെഡ്യൂൾ പുറത്ത്, ഉദ്ഘാടന മത്സരം മാർച്ച് 22ന്, KKR VS RCB മത്സരം ഈഡൻ ഗാർഡൻസിൽ

ഐപിഎൽ 2025 ഷെഡ്യൂൾ പ്രഖ്യാപനം ഇന്ന് വൈകീട്ട് 5.30ന് സ്റ്റാർ സ്പോർട്സ് ചാനലിലൂടെയാണ് നടത്തിയത്

Author : ന്യൂസ് ഡെസ്ക്


ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൻ്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) പരസ്പരം ഏറ്റുമുട്ടുമെന്ന് ഔദ്യോഗിക റിപ്പോർട്ട്. ഐപിഎൽ 2025 ഷെഡ്യൂൾ പ്രഖ്യാപനം ഇന്ന് വൈകീട്ട് 5.30ന് സ്റ്റാർ സ്പോർട്സിലൂടെയാണ് നടത്തിയത്.

സീസണിലെ 74 മത്സരങ്ങൾ 13 വേദികളിലായാണ് നടക്കുക. അതിൽ 12 ദിവസങ്ങളിൽ രണ്ടു മത്സരങ്ങൾ വീതം നടക്കും. ഉച്ച കഴിഞ്ഞുള്ള മത്സരങ്ങൾ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നും വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 7.30നും ആരംഭിക്കും.

മാർച്ച് 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഐപിഎൽ 2025ൻ്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും.

ലീഗ് ഘട്ടം അവസാനിച്ചതിന് ശേഷം, ഹൈദരാബാദിലും കൊൽക്കത്തയിലും പ്ലേ ഓഫുകൾ നടക്കും. മെയ് 20, 21 തീയതികളിൽ യഥാക്രമം ക്വാളിഫയർ 1, എലിമിനേറ്റർ മത്സരങ്ങളും ഹൈദരാബാദിൽ വെച്ച് നടത്തും. തുടർന്ന് മെയ് 23ന് ക്വാളിഫയർ 2 കൊൽക്കത്തയിൽ നടക്കും. ടാറ്റ ഐപിഎൽ 2025 സീസണിലെ ഏറ്റവും ആവേശകരമായ കലാശപ്പോരാട്ടം മെയ് 25ന് നടക്കും. ടാറ്റ ഐപിഎൽ 2025 സീസണിൻ്റെ വിശദമായ മത്സര ഷെഡ്യൂൾ ഇവിടെ ക്ലിക്ക് ചെയ്‌ത് വായിക്കാം.

ഐപിഎൽ ടീമുകളിൽ മൂന്നെണ്ണം വീതം രണ്ട് ഹോം ഗ്രൗണ്ടുകളിലായാണ് ഐപിഎൽ ഹോം-എവേ മത്സരങ്ങൾ കളിക്കുക. ഡൽഹി ക്യാപിറ്റൽസ് അവരുടെ ഹോം മത്സരങ്ങൾ വിശാഖപട്ടണത്തും ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലുമായി കളിക്കും. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് അവരുടെ രണ്ട് ഹോം മത്സരങ്ങൾ ഗുവാഹത്തിയിൽ കളിക്കും. അവിടെ വെച്ച് കെകെആറിനും സിഎസ്‌കെയ്ക്കും എതിരെയാണ് രാജസ്ഥാൻ കളിക്കുക.

ബാക്കി ഹോം മത്സരങ്ങൾ സ്വന്തം ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലും വെച്ച് കളിക്കും. അതേസമയം, പഞ്ചാബ് കിങ്സ് അവരുടെ നാല് ഹോം മത്സരങ്ങൾ ചണ്ഡീഗഡിലെ ന്യൂ പിസിഎ സ്റ്റേഡിയത്തിലും, മൂന്നെണ്ണം ഹിമാചൽ പ്രദേശിലെ ധർമ്മശാല സ്റ്റേഡിയത്തിലും വെച്ച് കളിക്കും.

SCROLL FOR NEXT