NEWSROOM

IPL 2025 | KKR vs DC | കൂറ്റന്‍ സ്കോറില്‍ കൊല്‍ക്കത്ത; ഡല്‍ഹി ക്യാപിറ്റല്‍സിന് 205 റണ്‍സ് വിജയലക്ഷ്യം

തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോറ്റ നിലവിലെ ചാംപ്യന്‍മാരായ കെകെആറിന് ഇന്ന് ജയം അനിവാര്യമാണ്

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 205 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 204 റണ്‍സ് എടുത്തത്.  ഒന്‍പത് കളികളില്‍ നിന്ന് ആറ് ജയവും മൂന്ന് തോല്‍വിയുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും.


ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്ഷർ പട്ടേല്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കെ.എൽ. രാഹുലിനു പകരം അഭിഷേക് പോരല്‍ ആയിരുന്നു ഡല്‍ഹിക്കായി വിക്കറ്റ് കീപ്പറായത്. മിച്ചല്‍ സ്റ്റാർക്കെറിഞ്ഞ ആദ്യ പന്ത് തന്നെ റഹ്മാനുള്ള ഗുർബാസ് ബൗണ്ടറി കടത്തി. എട്ട് റണ്‍സാണ് ആദ്യ ഓവറില്‍ സ്റ്റാർക്ക് വഴങ്ങിയത്. രണ്ടാം ഓവറില്‍ സുനില്‍ നരേനും ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. ദുഷ്മന്ത ചമീര എറിഞ്ഞ ഓവറില്‍ 25 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. മൂന്നാമത്തെ ഓവറില്‍ സ്റ്റാർക്കിന്‍റെ പന്തില്‍ പോരല്‍ ക്യാച്ചെടുത്ത് ഗുർബാസിനെ പുറത്താക്കുമ്പോള്‍ 48 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. കൊല്‍ക്കത്തയുടെ ഈ സീസണിലെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടാണിത്. ഏഴാം ഓവറില്‍ സുനില്‍ നരേനും (27) പുറത്തായി.

Also Read: ഇന്ന് ഞാൻ എന്തായിരുന്നാലും എൻ്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു: വൈഭവ് സൂര്യവൻഷി



എട്ടാം ഓവറില്‍ വിപ്‌രാജ് നിഗത്തിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി കെകെആർ നായകന്‍ അജങ്ക്യ രഹാനെയും പുറത്തായി. 14 പന്തില്‍ 26 റണ്‍സാണ് രഹാനെ നേടിയത്. നാല് ഫോറും ഒരു സിക്സുമാണ് രഹാനെ നേടിയത്. 44 റണ്‍സെടുത്ത അങ്ക്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറർ. 25 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത റിങ്കു സിംഗും ടീം സ്കോർ ഉയർത്തുന്നതില്‍ പങ്കാളിയായി.

ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി. റഹ്മാനുള്ള ഗുർബാസ് (26), റോവ്മാൻ പവൽ (5), അനുകുൽ റോയ് (0), എന്നിവരുടെ വിക്കറ്റാണ് സ്റ്റാ‍ർക്ക് എടുത്തത്.  അക്ഷർ പട്ടേലും വിപ്‌രാജ് നിഗവും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ദുഷ്മന്ത ചമീരയും ഒരു വിക്കറ്റും വീഴ്ത്തി.



തുടർച്ചയായ രണ്ട്  മത്സരങ്ങളില്‍ തോറ്റ നിലവിലെ ചാംപ്യന്മാരായ കെകെആറിന് ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് ഡിസി ഇന്നത്തെ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിപ്പെടാനാണ് ലക്ഷ്യമിടുന്നത്.

SCROLL FOR NEXT