സൺറൈസേഴ്സ് ഹൈദരാബാദ് ബൗളർമാരെ തല്ലിത്തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മൂന്ന് മത്സരങ്ങളിൽ രണ്ടിലും തോറ്റ് പോയിൻ്റ് പട്ടികയുടെ അടിത്തട്ടിൽ കിടക്കുന്ന ടീമിനെ മുന്നിലേക്ക് എത്തിക്കാനുള്ള ആവേശം നിറഞ്ഞ പോരാട്ടമാണ് കൊൽക്കത്ത ബാറ്റർമാർ കാഴ്ചവെച്ചത്. തുടർച്ചയായ രണ്ടാം തോൽവിയുമായെത്തിയ സൺറൈസേഴ്സിന്റെ മുന്നിലുള്ളത് 201 എന്ന കൂറ്റൻ വിജയലക്ഷ്യമാണ്. വെങ്കിടേഷ് ഐയ്യർ (60), അങ്ക്രിഷ് രഘുവംശി (50) എന്നിവരുടെ അർധ സെഞ്ചുറികളുടെ ബലത്തിലാണ് കൊൽക്കത്തയുടെ ടീം ടോട്ടൽ 200 കടന്നത്. സ്കോർ- 200/ 6.
ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയുടെ സ്കോർ 14ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് വീണു. രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ഒരു റൺ മാത്രമെടുത്ത ഓപ്പണർ ക്വിന്റൺ ഡി കോക്ക് ഔട്ടായത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ സീഷൻ അൻസാരിക്ക് ക്യാച്ച് നൽകുകയായിരുന്നു. സ്കോർ 16ൽ എത്തിയപ്പോൾ സുനിൽ നരേനും (7) മടങ്ങി. മുഹമ്മദ് ഷമ്മിക്കായിരുന്നു വിക്കറ്റ്. 27 പന്തിൽ 38 റൺസെടുത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ അങ്ക്രിഷ് രഘുവംശിയുമായി ചേർന്ന് ടീം സ്കോർ ഉയർത്താൻ ശ്രമിച്ചു. 11-ാം ഓവറിൽ അൻസാരിയുടെ പന്തിൽ ക്ലാസെന്‍റെ ക്യാച്ചില്‍ അജങ്ക്യ രഹാനെ പുറത്തായി. പിന്നാലെ 13-ാം ഓവറിൽ രഘുവംശിയുടെ വിക്കറ്റും നഷ്ടമായി. നാലിന് 106 എന്നായിരുന്നു അപ്പോൾ ടീം സ്കോർ.
രഘുവംശി നിർത്തിയിടത്തു നിന്ന് വെങ്കിടേഷ് കത്തികയറി. 29 പന്തിൽ 60 റൺസാണ് വെങ്കിടേഷ് ഐയ്യർ അടിച്ചെടുത്തത്. ഏഴ് ഫോറും മൂന്ന് സിക്സും അടിച്ച വെങ്കിടേഷിന്റെ സ്ട്രൈക് റേറ്റ് 206.89 ആയിരുന്നു. റിങ്കു സിങ്ങും തിളങ്ങിയപ്പോൾ ടീം ടോട്ടൽ 200 കടന്നു.