NEWSROOM

IPL 2025 Mega Auction | 1574 കളിക്കാര്‍ മാറ്റുരയ്ക്കും; ഐപിഎല്‍ മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയില്‍

ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായാണ് ഐപിഎല്‍ ലേലം നടക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്

Author : ന്യൂസ് ഡെസ്ക്

ഐപിഎല്‍ 2025 മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയില്‍ നടക്കും. ഇതുസംബന്ധിച്ച ബിസിസിഐയുടെ പത്രക്കുറിപ്പ് പുറത്തിറങ്ങി. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായാണ് ഐപിഎല്‍ ലേലം നടക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

1,165 ഇന്ത്യന്‍ കളിക്കാരും 409 വിദേശ കളിക്കാരും അടക്കം 1574 കളിക്കാരാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 320 ക്യാപ്ഡ് കളിക്കാര്‍, 1,224 അണ്‍ക്യാപ്പ്ഡ് കളിക്കാര്‍, അസോസിയേറ്റ് നേഷന്‍സില്‍ നിന്നുള്ള 30 കളിക്കാര്‍ എന്നിവരടങ്ങിയ പ്രതിഭകളാണ് രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുന്നത്.

ക്യാപ്ഡ് കളിക്കാരില്‍ 48 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 272 പേര്‍ വിദേശ കളിക്കാരും. മുന്‍ സീസണുകളില്‍ കളിച്ച 152 ഇന്ത്യന്‍ താരങ്ങളും മൂന്ന് വിദേശ താരങ്ങളും അണ്‍ക്യാപ്ഡ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.


അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങള്‍: 965
അണ്‍ക്യാപ്ഡ് വിദേശ താരങ്ങള്‍: 104

എന്നിങ്ങനെയാണ് പട്ടിക.

409 വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നാണ്. 91 സൗത്ത് ആഫ്രിക്കന്‍ കളിക്കാരാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയ- 76, ഇംഗ്ലണ്ട് - 52 എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

രാജ്യം തിരിച്ചുള്ള കളിക്കാരുടെ പട്ടിക:

അഫ്ഗാനിസ്ഥാന്‍: 29
ഓസ്ട്രേലിയ: 76
ബംഗ്ലാദേശ്: 13
കാനഡ: 4
ഇംഗ്ലണ്ട്: 52
അയര്‍ലന്‍ഡ്: 9
ഇറ്റലി: 1
നെതര്‍ലന്‍ഡ്‌സ്: 12
ന്യൂസിലന്‍ഡ്: 39
സ്‌കോട്ട്‌ലന്‍ഡ്: 2
ദക്ഷിണാഫ്രിക്ക: 91
ശ്രീലങ്ക: 29
യുഎഇ: 1
യുഎസ്എ: 10
വെസ്റ്റ് ഇന്‍ഡീസ്: 33
സിംബാബ്‌വെ : 8


ഓരോ ഫ്രാഞ്ചൈസിക്കും റീട്ടെയ്ന്‍ ചെയ്ത താരങ്ങള്‍ ഉള്‍പ്പെടെ പരമാവധി 25 കളിക്കാരെയാണ് ഉള്‍പ്പെടുത്താനാകുക. ലേലം വിളിക്കാന്‍ ആകെ 204 സ്ലോട്ടുകള്‍ ലഭ്യമാകും.

ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ശ്രേയസ് ഐയ്യര്‍, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ മുന്‍നിര ഇന്ത്യന്‍ താരങ്ങളും ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തെ താര ലേലത്തില്‍ കോടികളാണ് പൊടിയുക. 204 സ്ലോട്ടുകള്‍ക്കായി 10 ഫ്രാഞ്ചൈസികള്‍ ആകെ ചെലവഴിക്കുന്ന തുക 641.5 കോടിയാണ്. 204 സ്ലോട്ടുകളില്‍ 70 എണ്ണം വിദേശ കളിക്കാര്‍ക്കുള്ളതാണ്.

നിലവില്‍ പത്ത് ടീമുകളും കൂടി 46 കളിക്കാരെയാണ് റീട്ടെയ്ന്‍ ചെയ്തത്. ഇതിനായി ചെലവഴിച്ച തുക 558.5 കോടിയാണ്. ഓരോ ഫ്രാഞ്ചൈസിക്കും ടീമിനു വേണ്ടി ചിലവഴിക്കാന്‍ അനുവദനീയമായ തുക 120 കോടി രൂപയാണ്. പഞ്ചാബ് കിംഗ്‌സിൻ്റെ പക്കലാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാൻ ബാക്കിയുള്ളത്. 110.5 കോടി രൂപ! ശശാങ്ക് സിങ്, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെ മാതമാണ് പഞ്ചാബ് റീട്ടെയ്ന്‍ ചെയ്തത്.

SCROLL FOR NEXT