ഐപിഎല്ലിന്റെ 18-ാം സീസണിനായി ക്രിക്കറ്റ് പ്രേമികളും ടീമുകളും പൂർണമായി ഒരുങ്ങിക്കഴിയുമ്പോഴും ആശങ്കകൾ ഒഴിയുന്നില്ല. ആരാധകർ കാത്തിരിക്കുന്ന ഐപിഎൽ 2025 ഉദ്ഘാടന മത്സരം ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശനിയാഴ്ച കൊൽക്കത്തയിൽ നടക്കുന്ന നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഉദ്ഘാടന മത്സരം ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഉദ്ഘാടന ചടങ്ങിൽ ദിഷ പഠാനി, ശ്രേയ ഘോഷാൽ എന്നിവർ പങ്കെടുക്കുന്ന കലാപ്രകടനങ്ങളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എന്നാൽ, തിരശ്ശീല ഉയരുന്നതിന് ഒരു ദിവസം മുമ്പ്, ഞെട്ടിക്കുന്ന അപ്ഡേറ്റുകളാണ് കൊൽക്കത്തയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് കൊൽക്കത്തയിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചതോടെ ഈ സീസണിലെ ഉദ്ഘാടന മത്സരം പൂർണമായും ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ഇടിയോടുകൂടിയ മഴയാണ് ദക്ഷിണ ബംഗാളിൽ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഐപിഎൽ തുടങ്ങുന്ന മാർച്ച് 22ന് ഓറഞ്ച് അലേർട്ടും ഞായറാഴ്ച യെല്ലോ അലേർട്ടുമാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് കാലാവസ്ഥാ പ്രവചന സൈറ്റുകളും ഈഡൻ ഗാർഡൻസ് മഴയിൽ കുതിരാനുള്ള സാധ്യത തള്ളുന്നില്ല. 97 ശതമാനവും മത്സര ദിവസം മഴയെടുക്കാനാണ് സാധ്യതയെന്നാണ് പ്രവചനങ്ങൾ പറയുന്നത്. അങ്ങനെയെങ്കിൽ ഇത്തവണത്തെ ഐപിഎൽ പൂരത്തിന്റെ ശോഭ കെട്ടേക്കും.
നിലവിൽ ഈഡൻ ഗാർഡനിൽ നിശ്ചിയിച്ചിരുന്ന ഒരു മത്സരം മാറ്റിയിട്ടുണ്ട്. ഏപ്രിൽ ആറിന് നടക്കേണ്ടിയിരുന്ന നേറ്റ് റൈഡേഴ്സ് ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരമാണ് മുൻ നിശ്ചിയിച്ച വേദിയിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് രാമ നവമി ആഘോഷങ്ങൾ നടക്കുന്നതിനാൽ ഐപിഎല്ലിന് മതിയായ സുരക്ഷ ഒരുക്കാൻ പൊലീസിന് സാധിക്കില്ലെന്ന് കാട്ടിയാണ് വേദിമാറ്റം.