NEWSROOM

IPL 2025 | RCB vs DC | അപരാജിതരായി ഡല്‍ഹി ക്യാപിറ്റല്‍സ്; വിജയം ആറ് വിക്കറ്റിന്, ചിന്നസ്വാമിയില്‍ ആർസിബിക്ക് വീണ്ടും നിരാശ

ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലില്‍ അപരാജിത കുതിപ്പ് തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ 13 പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. 164 റണ്‍‌സ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹി 17.5 ഓവറില്‍ ലക്ഷ്യം കടന്നു. 93 റണ്‍സെടുത്ത കെ.എല്‍. രാഹുലാണ് ഡല്‍ഹി ടോപ് സ്കോറർ. സ്കോർ - 169/ 4.  ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയങ്ങളും ഒരു തോല്‍വിയുമായി ആര്‍സിബി പട്ടികയില്‍ മൂന്നാമതാണ്.

ടോസ് നേടിയ ഡല്‍ഹി ആര്‍സിബിയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ ബെംഗളൂരു ഓപ്പണര്‍ ഫില്‍ സോള്‍ട്ടിന്റെ വമ്പന്‍ അടികള്‍ക്ക് മുന്നില്‍ ഒന്ന് പതറിയെങ്കിലും പെട്ടെന്നു തന്നെ ഡല്‍ഹി ബൗളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മികച്ച ഫോമിലേക്ക് എത്തിയ ഫില്ലിനെ നാലാം ഓവറില്‍ റണ്‍ ഔട്ടാക്കി. 17 പന്തില്‍ 37 റണ്‍സായിരുന്നു ഫില്ലിന്റെ സംഭാവന. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കല്‍ (1) കാര്യമായി ഒന്നും ചെയ്യാതെ മടങ്ങി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. 14 പന്തില്‍ 22 റണ്‍സ് എടുത്ത വിരാട് കോഹ്ലി സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ചു.

വിപ്രാജ് നിഗം കോഹ്‌ലിയെ പുറത്താക്കിയതോടെ അത് അവസാനിച്ചു. പുറത്താകാതെ 37 (20) റണ്‍സെടുത്ത ടിം ഡേവിഡാണ് ആര്‍സിബി സ്‌കോര്‍ 150 കടത്തിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നായകന്‍ രജത് പടിദാറിന് (25) തിളങ്ങാനായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്‍രാജ് നിഗവും രണ്ട് വിക്കറ്റ് വീതം നേടി. മോഹിത് ശർമ (1), മുകേഷ് കുമാർ (1) എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് ക്യാപിറ്റല്‍സ് ബൗളർമാർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് രണ്ടാം ഓവറില്‍ തന്നെ ഫാഫ് ഡു പ്ലെസിസിനെ (2) നഷ്ടമായി. യാഷ് ദയാലിനായിരുന്നു വിക്കറ്റ്. ടീം സ്കോർ വെറും പത്തില്‍ നില്‍ക്കെ ഭുവനേശ്വർ കുമാറിന്‍റെ പന്തില്‍ ജെയ്ക്ക് ഫ്രേസർ മക്ഗുർക്കും (7) പുറത്തായി. 53 പന്തില്‍ ആറു സിക്സും ഏഴ് ഫോറുമായി 93 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്‍റെ പിന്‍ബലത്തിലാണ് ഡല്‍ഹി വിജയം കൈപ്പിടിയിലൊതുക്കിയത്. ആർസിബിക്കായി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസല്‍വുഡിനെ ഇന്ന് ഫോം കണ്ടെത്താനായില്ല. 40 റണ്‍സാണ് ഹേസില്‍വുഡ് വഴങ്ങിയത്.

SCROLL FOR NEXT