ഇന്ത്യന്‍ പ്രമീയർ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വമ്പന്‍ സ്കോറിലേക്ക് എത്താതെ പിടിച്ചു നിർത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. 164 റണ്‍സാണ് ക്യാപിറ്റല്‍സിന് മുന്നിലുള്ള വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് ആർസിബി നേടിയത്.
ടോസ് നേടിയ ഡൽഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ബെംഗളൂരു ഓപ്പണർ ഫില്‍ സോള്‍ട്ടിന്‍റെ വമ്പന്‍ അടികള്‍ക്ക് മുന്നില്‍ ഒന്ന് പതറിയെങ്കിലും പെട്ടെന്നു തന്നെ ഡല്‍ഹി ബൗളർമാർ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മികച്ച ഫോമിലേക്ക് എത്തിയ ഫില്ലിനെ നാലാം ഓവറില്‍ റണ്‍ ഔട്ടാക്കി. 17 പന്തില്‍ 37 റണ്‍സായിരുന്നു ഫില്ലിന്‍റെ സംഭാവന. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കല്‍ (1) കാര്യമായി ഒന്നും ചെയ്യാതെ മടങ്ങി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. 14 പന്തില്‍ 22 റണ്‍സ് എടുത്ത വിരാട് കോഹ്‌ലി സ്കോറിങ്ങിന്‍റെ വേഗം കൂട്ടാന്‍ ശ്രമിച്ചു. വിപ്‌രാജ് നിഗം കോഹ്‍ലിയെ പുറത്താക്കിയതോട അത് അവസാനിച്ചു. പുറത്താകാതെ 37 (20) റണ്‍സെടുത്ത ടിം ഡേവിഡാണ് ആർസിബി സ്കോർ 150 കടത്തിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നായകന്‍ രജത് പടിദാറിന് (25) തിളങ്ങാനായില്ല.
ഡല്‍ഹി ക്യാപിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്‍രാജ് നിഗവും രണ്ട് വിക്കറ്റ് വീതം നേടി. മോഹിത് ശർമ (1), മുകേഷ് കുമാർ (1) എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് ക്യാപിറ്റല്‍സ് ബൗളർമാർ.
താരതമ്യേന ചെറിയ സ്കോറാണ് പിന്തുടരാനുള്ളതെങ്കിലും ഉജ്വല ഫോമിലുള്ള ജോഷ് ഹെയ്സൽവുഡിന് കീഴിലുള്ള ആർസിബി ബൗളർമാർ ഡല്‍ഹി ക്യാപിറ്റല്‍സിന് തലവേദനയാകും. നാല് മത്സരങ്ങളിൽ ഹെയ്സൽവുഡ് വീഴ്ത്തിയത് 8 വിക്കറ്റാണ്. ബൗളിംഗിൽ മൂർച്ചയൊട്ടും കുറയാതെ ഭുവനേശ്വറും യഷ് ദയാലും, ഒപ്പം സുയാഷിൻ്റെയും ക്രുനാൽപണ്ഡ്യയുടെയും സ്പിൻഅറ്റാക്കും ടീമിന് മുതൽക്കൂട്ടാണ്. മുംബൈക്കെതിരെ മാത്രമാണ് ടീം ഈ ടൂർണമെൻ്റിൽ 200ലേറെ റൺസ് വഴങ്ങിയത്.