NEWSROOM

IPL 2025 | RCB vs MI | ബെംഗളൂരുവിന് വാങ്കഡെയില്‍ രാജകീയ വിജയം; 12 റണ്‍സിന് മുംബൈയെ പരാജയപ്പെടുത്തി, ക്രുനാല്‍ പാണ്ഡ്യക്ക് നാല് വിക്കറ്റ്

വിൽ ജാക്സ് (22), നമാൻ ധീർ(11), മിച്ചൽ സാന്റ്നർ (8), ദീപക് ചാഹർ (0) എന്നിവരുടെ വിക്കറ്റുകളാണ് ക്രുനാൽ പാണ്ഡ്യ നേടിയത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഉയർത്തിയ റണ്‍മല താണ്ടാനാകാതെ മുംബൈ ഇന്ത്യന്‍സ്. 12 റണ്‍സിനാണ് ആർസിബിയുടെ വിജയം. ബെംഗളൂരു മുന്നോട്ട് വച്ച 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. വിരാട് കോഹ്‌ലി (67), രജത് പാട്ടീദാർ (64), എന്നിവരുടെ അർധ സെഞ്ചുറിയുടെ പിൻബലത്തിലാണ് ബെം​ഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയത്. ആർസിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ നാല് വിക്കറ്റുകള്‍ വീഴ്ത്തി. 2014ന് ശേഷം ആദ്യമായാണ് വാങ്കഡെയില്‍ ആർസിബി വിജയിക്കുന്നത്. 

ലഖ്നൗവിനോട് തോറ്റ നിരാശയുമായാണ് ആർസിബിക്കെതിരെ മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കാൻ ഇറങ്ങിയത്. ആ നിരാശ ഇരട്ടിപ്പിക്കുന്ന പ്രകടനമാണ് ബെംഗളൂരു പുറത്തെടുത്തത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ബെം​ഗളൂരുവിന് ബോൾട്ടിന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ (4) നഷ്ടമായി. എന്നാൽ വമ്പൻ അടിയുമായി വിരാട് കോഹ്‌ലി അർധ സെഞ്ചുറി തികച്ചു. ഒപ്പം ദേവ്ദത്ത് പടിക്കലും ചേർന്നതോടെ ബെം​ഗളൂരു സ്കോർ അതിവേ​ഗം ഉയർന്നു. ഒൻപതാം ഓവറിൽ ടീം സ്കോർ 95ൽ എത്തിനിൽക്കെയാണ് ദേവ്​ദത്തിന്റെ വിക്കറ്റ് വീണത്. വിഘ്നേഷ് പുത്തൂരിനായിരുന്നു വിക്കറ്റ്. ഐപിഎല്ലിൽ ഇറങ്ങിയ മൂന്ന് മത്സരങ്ങളിലും ഈ മലയാളി താരം വിക്കറ്റ് നേടി. ആറ് വിക്കറ്റുകളാണ് ഈ സീസണില്‍ ഇതുവരെ വിഘ്നേഷ് സ്വന്തമാക്കിയത്.

ദേവ്ദത്തിന് പിന്നാലെ വന്ന ക്യാപ്റ്റൻ രജത് പാട്ടീദാറും ആക്രമിച്ചു കളിക്കാനാണ് തീരുമാനിച്ചത്. ബെംഗളൂരു സ്കോർ 143ൽ എത്തിനില്‍ക്കെ കോഹ്‌ലിയെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. ഡീപ് മിഡ് വിക്കറ്റിൽ നമാൻ ധീറിന് ക്യാച്ച് നൽകി പുറത്താകുമ്പോൾ 67 (42) റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. കോഹ്‌ലിക്ക് പിന്നാലെ ലിയാം ലിവിങ്സ്റ്റണിന്റെ (0) വിക്കറ്റും ഹാർദിക് വീഴ്ത്തി. 32 പന്തില്‍ 64 റണ്‍സ് നേടിയ രജത് പാട്ടീദാറിനെ ട്രെന്‍റ് ബോള്‍ട്ടാണ് പുറത്താക്കിയത്.

മുംബൈയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യയും ട്രെന്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം നേടി. ഇവരെ കൂടാതെ ഒറ്റ ഓവർ മാത്രം എറിഞ്ഞ വിഘ്നേഷ് പുത്തൂരിന് മാത്രമാണ് വിക്കറ്റ് നേടാനായത്. 10 റൺസ് മാത്രമാണ് വിഘ്നേഷ് വഴങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി രോഹിത് ശർമയും റയാൻ റിക്കൽട്ടണുമാണ് ഓപ്പണ്‍ ചെയ്തത്. വമ്പൻ അടികളുമായി തുടങ്ങിയ രോഹിത്തിനെ 17 റൺസെടുത്ത് നിൽക്കെ യഷ് ദയാൽ പുറത്താക്കി. ഒൻപത് പന്തിൽ ഒരു സിക്സും രണ്ട് ഫോറുമാണ് രോഹിത്ത് അടിച്ചത്. നാലാം ഓവറിൽ റിക്കെൽട്ടണും പുറത്തായി. വിൽ ജാക്സ് (22), സൂര്യകുമാർ യാദവ് (28) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താനിയില്ലെങ്കിലും ടീം ടോട്ടൽ ഉയർത്തുന്നതിൽ അവരുടെ പ്രകടനം നിർണായകമായി. തിലക് വർമ (56) ആണ് മുംബൈയുടെ ടോപ് സ്കോറർ. 29 പന്തിൽ നാല് ഫോറും നാല് സിക്സും അടിച്ചാണ് തിലക് 56 റൺസ് അടിച്ചത്. നായകൻ ഹാർദിക് പാണ്ഡ്യ ശക്തമായ പിന്തുണയാണ് നൽകിയത്. 15 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 42 റൺസാണ് ഹാർദിക് എടുത്തത്. 280.00 ആയിരുന്നു പുറത്താകുമ്പോൾ മുംബൈ സ്കിപ്പറിന്റെ റൺ റേറ്റ്. മുംബൈയെ ജയത്തിലേക്ക് എത്തിക്കാൻ വാലറ്റം ശ്രമിച്ചെങ്കിലും ബെം​ഗളൂരു ബൗളിങ് നിര അവർക്ക് കടിഞ്ഞാണിട്ടു. 

ആർസിബിക്ക് വേണ്ടി ക്രുനല്‍ പാണ്ഡ്യ 45 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. വിൽ ജാക്സ് (22), നമാൻ ധീർ(11), മിച്ചൽ സാന്റ്നർ (8), ദീപക് ചാഹർ (0) എന്നിവരുടെ വിക്കറ്റുകളാണ് ക്രുനാൽ പാണ്ഡ്യ നേടിയത്. യഷ് ദയാൽ, ജോഷ് ഹേസിൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. 

SCROLL FOR NEXT