NEWSROOM

ഇവനെ സൂക്ഷിച്ചോളൂ; രഞ്ജി ട്രോഫിയിലെ തകർപ്പൻ റെക്കോർഡുകാരൻ ഐപിഎല്ലിലേക്ക്!

സ്പെഷ്യലിസ്റ്റ് ലെഫ്റ്റ് ആം സ്പിന്നർ കൂടിയായ ഹർഷിന് അർഹിക്കുന്ന ഐപിഎൽ പ്രവേശനം കൂടിയാണിത്.

Author : ന്യൂസ് ഡെസ്ക്


രാജസ്ഥാൻ റോയൽസിൻ്റെ വൈഭവ് രഘുവംശി, ചെന്നൈ സൂപ്പർ കിങ്സിൻ്റെ ആയുഷ് മാത്രെ... അങ്ങനെ യുവതാരങ്ങളുടെ പട്ടിക നീളുകയാണ്. ഇക്കുറി 22കാരനായ മറ്റൊരു യുവതാരം കൂടി ഐപിഎല്ലിലേക്ക് ചേക്കേറുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദിലേക്കാണ് ഒരു കൗമാരക്കാരൻ ഓൾറൗണ്ടർ എത്തുന്നത്.



കരുൺ നായർ കളിക്കുന്ന വിദർഭ ടീമിലെ സഹതാരമാണ് ഹർഷ് സുരേന്ദ്ര ദുബെ. സ്പെഷ്യലിസ്റ്റ് ലെഫ്റ്റ് ആം സ്പിന്നർ കൂടിയായ ഹർഷിന് അർഹിക്കുന്ന ഐപിഎൽ പ്രവേശനം കൂടിയാണിത്. ഇക്കഴിഞ്ഞ 2024-25 രഞ്ജി ട്രോഫി സീസണിൽ ചാംപ്യന്മാരായ വിദർഭയുടെ പ്രധാന വജ്രായുധമായിരുന്നു ഈ താരം.


ഒരു രഞ്ജി ട്രോഫി സീസണിൽ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന താരമായി (16.98 ശരാശരിയിൽ 69 വിക്കറ്റ്) ഹർഷ് ദുബെ മാറിയിരുന്നു. കഴിഞ്ഞ ഒരൊറ്റ സീസണിൽ മാത്രം ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഹർഷ് സ്വന്തം പേരിലാക്കിയിരുന്നു. ബൗളിങ്ങിൽ മാത്രമല്ല ആശാന് പിടിയുള്ളത്. ബാറ്റിങ്ങും നന്നായി വഴങ്ങും. 32 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളിൽ നിന്നായി ഏഴ് അർധ സെഞ്ച്വറികളും ഹർഷിൻ്റെ പേരിലുണ്ട്.

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ പരിക്കേറ്റ സ്മരൺ രവിചന്ദ്രന് പകരക്കാരനായാണ് ദുബെ ടീമിലെത്തുന്നത്. 30 ലക്ഷം രൂപയാണ് അടിസ്ഥാന വില. 16 ടി20, 20 ലിസ്റ്റ് എ, 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 127 വിക്കറ്റുകളും 941 റൺസുമാണ് ഈ വിദർഭ താരത്തിൻ്റെ സമ്പാദ്യം.

SCROLL FOR NEXT