NEWSROOM

കരുൺ നായരോട് 'തല്ലുവാങ്ങി' ബുംറ, പിന്നാലെ പൊരിഞ്ഞ വഴക്ക്; വീഡിയോ വൈറൽ

ദക്ഷിണാഫ്രിക്കൻ ബാറ്റർ ഫാഫ് ഡുപ്ലെസിക്ക് പരിക്കേറ്റതോടെയാണ് കരുണിന് മുംബൈക്കെതിരെ ആദ്യ ഇലവനിൽ അവസരം ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്


വർഷങ്ങൾക്ക് ശേഷം ഐപിഎൽ മത്സരം കളിക്കാനെത്തിയ ഡൽഹി ക്യാപിറ്റൽസിൻ്റെ മധ്യനിര ബാറ്റർ കരുൺ നായർ ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരെ പുറത്തെടുത്തത് വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഫാഫ് ഡുപ്ലെസിക്ക് പരിക്കേറ്റതോടെയാണ് കരുണിന് മുംബൈക്കെതിരെ ആദ്യ ഇലവനിൽ അവസരം ലഭിച്ചത്.



40 പന്തിൽ നിന്ന് അഞ്ച് കൂറ്റൻ സിക്സറുകളുടേയും 13 ബൗണ്ടറികളുടേയും സഹായത്തോടെയാണ് കരുൺ 89 റൺസ് വാരിയത്. 220ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായാണ് മലയാളി താരം തകർത്തടിച്ചപ്പോൾ മുംബൈ ഉയർത്തിയ 206 റൺസിൻ്റെ വിജയലക്ഷ്യം ഡൽഹി നിഷ്പ്രയാസം മറികടക്കുമെന്നാണ് തോന്നിച്ചത്. മുംബൈയുടെ ബൗളർമാരെയെല്ലാം കടന്നാക്രമിച്ച വിദർഭയുടെ സൂപ്പർതാരത്തിന് മുന്നിൽ സാക്ഷാൽ ജസ്പ്രീത് ബുംറയ്ക്ക് പോലും രക്ഷയുണ്ടായിരുന്നില്ല. ഇന്ത്യൻ സ്റ്റാർ പേസറായ ബുംറയുടെ ഓവറിൽ പോലും സിക്സറുകളും ഫോറുകളും പ്രവഹിച്ചു കൊണ്ടിരുന്നു.



ഇതിന് ശേഷം ബുംറയുമായുള്ള തുറന്ന വാക്‌പോരിലേക്കും കരുൺ നായർ കടന്നിരുന്നു. റൺസിനായി ഓടുന്നതിനിടെ കരുൺ നായർ നോൺ സ്ട്രൈക്കിങ് എൻഡിൽ ഉണ്ടായിരുന്ന ബുംറയുമായി കൂട്ടിയിടിച്ചതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. സംഭവത്തിന് പിന്നാലെ കരുൺ നായർ ബുംറയോട് റണ്ണിനായി ഓടുന്ന വഴിയിൽ തടസം നിന്നതിനെ കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ബുംറ മലയാളി താരത്തോട് വഴക്കിടുന്നതും കാണാമായിരുന്നു.



തുടക്കത്തിൽ കൂട്ടിയിടി സംഭവത്തിൽ കരുണിൻ്റെ മാപ്പ് അപേക്ഷ സ്വീകരിക്കാനും മുംബൈ പേസർ തയ്യാറായില്ല. ഇതിന് പിന്നാലെ ഹാർദിക് പാണ്ഡ്യയോട് കരുൺ നായർ പരാതിപ്പെടുന്നതും കാണാനായി. എന്താണ് സംഭവിച്ചതെന്നും കരുൺ വിദശീകരിക്കുന്നുണ്ടായിരുന്നു. ഹാർദിക് കരുണിൻ്റെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനിടെ രോഹിത്തിൻ്റെ തമാശ കലർന്ന പ്രതികരണവും വൈറലാണ്. കരുണിനെ നോക്കി "നീ ഞങ്ങളുടെ ബുംറയോട് അടികൂടുമല്ലേടാ" എന്ന മട്ടിൽ തമാശ പറയുന്ന രോഹിത്തിൻ്റെ വീഡിയോയും സ്റ്റാർ സ്പോർട്സ് പുറത്തുവിട്ടിരുന്നു.


അതേസമയം, ബുംറയുടെ ദേഷ്യപ്രകടനം അനാവശ്യമായിരുന്നുവെന്നും കരുൺ നായരോട് തല്ലുവാങ്ങിയതിൻ്റെ ചൊരുക്ക് തീർക്കുകയായിരുന്നു മുംബൈയുടെ സ്റ്റാർ പേസറെന്നുമാണ് ഒരു വിഭാഗം ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. കമൻ്റേറ്റർമാരും മത്സരത്തിനിടെ ഇതേ അഭിപ്രായം തന്നെയാണ് മുന്നോട്ടുവെച്ചത്. മത്സരത്തിൽ ഡൽഹി 12 റൺസിന് തോറ്റെങ്കിലും ടീമിൽ തൻ്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് കരുൺ നായർ പുറത്തെടുത്തത്.

SCROLL FOR NEXT