ഐപിഎല്ലിൽ ജൈത്രയാത്ര തുടരാൻ ഡൽഹി ക്യാപിറ്റൽസ് ഇന്നിറങ്ങും. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. വിജയവഴിയിലെത്തിയ ആർസിബിക്ക് സ്വന്തം മണ്ണിൽ എതിരാളികളായെത്തുകയാണ് ക്യാപിറ്റൽസ്.
ഈ ഐപിഎല്ലിൽ ഒരിക്കൽപ്പോലും പരാജയമറിയാത്ത ടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്.എല്ലാ ടീമുകളും നാലാം റൗണ്ടും അഞ്ചാം റൗണ്ടും കടന്നു പോകുമ്പോൾ ഡൽഹി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടി. ആർസിബിയാകട്ടെ മുംബൈയെ ആവേശപ്പോരിൽ തകർത്ത ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.
പഴയ ആർസിബിയല്ല രജത് പടിദാറിൻ്റെ ആർസിബി. കരുത്തരെ അവരുടെ തട്ടകത്തിൽ തകർക്കുന്ന ആത്മവിശ്വാസമാണ് ഇത്തവണ ബെംഗളൂരുവിന്. ചെന്നൈയെ ചെപ്പോക്കിലും കൊൽക്കത്തയെ ഈഡൻ ഗാർഡൻസിലും മുംബൈയെ വാങ്കഡെയിലും വീഴ്ത്തിയാണ് ഇത്തവണത്തെ വരവ്. പക്ഷേ ഇത്തവണ തോറ്റ ഒരേയൊരു മത്സരം ചിന്നസ്വാമിയിലാണ്. അതേ ചിന്നസ്വാമിയിൽ സ്വന്തം ആരാധകർക്കായി ഒരു ജയം കുറിക്കണം ആർസിബിക്ക്. ഒപ്പം ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പും രജത് പട്ടിദാറും സംഘവും സ്വപ്നം കാണുന്നുണ്ട്.
വിരാട് കോഹ്ലിയും രജത് പടിദാറും തകർപ്പൻ ഫോമിലുള്ളതാണ് ടീമിൻ്റെ പ്രതീക്ഷ. കോഹ്ലി നാല് മത്സരങ്ങളിൽ 164ഉം രജത് പട്ടിദാർ 161ഉം റൺസാണ് നേടിയത്. ദേവ്ദത്ത് പടിക്കലും ഫോമിലേക്കുയർന്നത് ടീമിന് കരുത്ത്.
ഒരു കാലത്ത് സ്വന്തം ആരാധകർ പോലും കളിയാക്കിയിരുന്ന ബൗളിംഗ് നിരയ്ക്ക് പക്ഷേ ഇപ്പോൾ ഇരട്ടിമൂർച്ചയാണ്. ജോഷ് ഹെയ്സൽവുഡിന് കീഴിൽ ബൗളർമാർ ഉജ്വല ഫോമിലാണ്. നാല് മത്സരങ്ങളിൽ ഹെയ്സൽവുഡ് വീഴ്ത്തിയത് 8 വിക്കറ്റാണ്. ബൗളിംഗിൽ മൂർച്ചയൊട്ടും കുറയാതെ ഭുവനേശ്വറും യഷ് ദയാലും, ഒപ്പം സുയാഷിൻ്റെയും ക്രുനാൽപണ്ഡ്യയുടെയും സ്പിൻഅറ്റാക്കും ടീമിന് മുതൽക്കൂട്ടാണ്. മുംബൈക്കെതിരെ മാത്രമാണ് ടീം ഈ ടൂർണമെൻ്റിൽ 200ലേറെ റൺസ് വഴങ്ങിയത്.
അക്ഷർ പട്ടേലിന് കീഴിൽ പുതിയ ഐപിഎൽ സീസണിൽ ഡൽഹി തുടരുന്നത് സ്വപ്നയാത്രയാണ്. ലഖ്നൗവിനേയും ഹൈദരാബാദിനേയും ചെന്നൈയേയും തകർത്താണ് ഡൽഹി ബെംഗളൂരുവിൽ എത്തിയിരിക്കുന്നത്. കെ.എൽ. രാഹുലിൻ്റെ ഓപ്പണിംഗിലേക്കുള്ള വരവിൽ കഴിഞ്ഞ മത്സരത്തിൽ കണ്ടത് വെടിക്കെട്ട് ബാറ്റിങ്ങാണ്. ചെന്നൈയ്‌ക്കെതിരെ 51 പന്തിൽ 77 റൺസെടുത്തിരുന്നു. പരിക്ക് മാറി ഡുപ്ലസി എത്തിയാൽ രാഹുൽ വീണ്ടും നാലാം നമ്പറിലേക്ക് മാറിയേക്കും. അഭിഷേക് പൊറേൽ, അക്ഷർ പട്ടേൽ, ട്രിസ്റ്റൺ സ്റ്റബ്സ്, അശുതോഷ് ശർമ തുടങ്ങി പവർ ഹിറ്റർമാർക്ക് ഡൽഹി നിരയിലും കുറവില്ല. മിച്ചൽ സ്റ്റാർക്കും കുൽദീപ് യാദവും നേതൃത്വം നൽകുന്ന ബൗളിംഗിലും ആശങ്കയില്ല.
നേർക്കുനേർ പോരിൽ ആർസിബിക്കാണ് മുൻതൂക്കം. ആകെ നേർക്കുനേർ വന്ന 31ൽ 19ലും ജയിച്ചത് ആർസിബിയാണ്. ഡൽഹിക്ക് 11 ജയമുണ്ട്. ഒരു മത്സരത്തിൽ ഫലമുണ്ടായില്ല. സമീപകാല പ്രകടനത്തിലും ആർസിബിക്ക് അനുകൂലം. 2020 മുതൽ അഞ്ച് സീസണുകളിൽ 8 മത്സരങ്ങളിലാണ് ഇരുവരും ഏറ്റുമുട്ടിയത്. അഞ്ചിലും ജയം ആർസിബിക്ക് ഡൽഹി മൂന്ന് മത്സരങ്ങളിൽ ജയിച്ചു. അവസാനമായി കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയപ്പോൾ 47 റൺസിനായിരുന്നു ആർസിബിയുടെ ജയം.