രാജസ്ഥാൻ റോയൽസിനായി പതിനാലുകാരൻ ഓപ്പണർ സെഞ്ച്വറിയുമായി നിറഞ്ഞാടിയപ്പോൾ ഹോം ഗ്രൗണ്ടിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തകർത്ത് ആതിഥേയരുടെ മാസ്സ് പ്രകടനം. ഐപിഎല്ലിൽ 200ന് മുകളിൽ ഒരു സ്കോർ ചേസ് ചെയ്തു ജയിക്കാൻ ഏറ്റവും കുറഞ്ഞ പന്തുകൾ (15.5 ഓവർ) എടുത്ത ടീമായും രാജസ്ഥാൻ റോയൽസ് ഇന്നത്തെ മാച്ചോടെ മാറി. 2024ൽ ഗുജറാത്തിനെതിരെ 16 ഓവറിൽ 200ന് മുകളിലുള്ള സ്കോർ ചേസ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇത് നാലാം തവണയാണ് രാജസ്ഥാൻ 200ന് മുകളിലൊരു സ്കോർ വിജയകരമായി ചേസ് ചെയ്യുന്നത്.
കുട്ടിത്താരത്തിൻ്റെ അവിശ്വസനീയമായ ബാറ്റിങ് പ്രകടനത്തോടെ നിരവധി ഐപിഎൽ റെക്കോർഡുകളാണ് സവായ് മാൻസിങ് സ്റ്റേഡിയത്തിൽ തകർന്നുവീണത്. 14 വർഷവും 32 ദിവസവും പ്രായമുള്ള വൈഭവ്, ഐപിഎല്ലിൽ സെഞ്ച്വറിയും ഫിഫ്റ്റിയും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 17 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട കുട്ടിപ്പൊട്ടാസ് 35 പന്തിൽ നിന്ന് സെഞ്ച്വറിയും പൂർത്തിയാക്കി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
യൂസഫ് പത്താനെ മറികടന്ന് (37 പന്തിൽ നിന്ന് 100) ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരൻ്റെ വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും വൈഭവ് സൂര്യവൻഷി സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയാണിത്. 30 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച ക്രിസ് ഗെയ്ൽ മാത്രമാണ് വൈഭവിന് മുന്നിലുള്ളത്. 11 സിക്‌സറും ഏഴ് ഫോറുകളും അടിച്ച ഇന്നിങ്‌സ് ഒടുവിൽ 101 റൺസിൽ അവസാനിച്ചു. ജയ്‌സ്വാൾ 40 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറും അടക്കം 70 റൺസ് നേടി.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് ഗുജറാത്ത് നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 50 പന്തിൽ നാല് സിക്സറും അഞ്ച് ഫോറുകളും അടക്കം 84 റൺസ് നേടി. ജോസ് ബട്ട്ലർ 26 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസ് നേടി. സായ് സുദർശൻ 30 പന്തിൽ 39 റൺസ് നേടി.