NEWSROOM

IPL 2025 | SRH vs DC | ഇനി പുറത്തേക്ക് ഹൈദരാബാദോ? പ്ലേ ഓഫ് സാധ്യത നിലനിർത്താന്‍ സണ്‍റൈസേഴ്സിന് ഇന്ന് ജീവന്‍മരണ പോരാട്ടം

കരുത്തരെല്ലാം കൈയ്യിലുണ്ടായിട്ടും കളംകൈവിട്ട അവസ്ഥയിൽ ഹൈദരാബാദ് നിരാശയിലാണ്

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലിൽ നിന്ന് ചെന്നൈയും രാജസ്ഥാനും പുറത്തായതിനു പിന്നാലെ മൂന്നാമത്തെ ടീം ഏതെന്ന ചോദ്യത്തിന് മുന്നിൽ ആശങ്കയോടെ നിൽക്കുകയാണ് ഹൈദരാബാദ്. സൺറൈസേഴ്‌സ് ഹൈദരാബാദിന് ഇന്ന് ജീവൻമരണ പോരാട്ടമാണ്. ഡൽഹിയോട് തോറ്റാൽ സൺറൈസേഴ്സ് പ്ലേ ഓഫ് കാണാതെ ഐപിഎല്‍ 18-ാം സീസണില്‍ നിന്ന് പുറത്താകും. ഗുജറാത്തിനോട് നിർണായക മത്സരത്തിൽ തോറ്റതോടെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ ഹൈദരാബാദിന് അവസാനിച്ചു കഴിഞ്ഞു. ഇനിയുള്ളത് അവസാനത്തെ കച്ചിത്തുരുമ്പാണ്. ഇന്ന് ഡൽഹിയെ നേരിടാൻ സ്വന്തം മണ്ണിൽ ഇറങ്ങുമ്പോൾ ജയമല്ലാതെ മറ്റൊന്നും പകരമാകില്ല.



ഐപിഎല്ലിലെ ഇനിയങ്ങോട്ടുള്ള ഓരോ മത്സരത്തിനും നോക്കൗട്ടിൻ്റെ ആവേശമുണ്ട്. ജയിച്ചാൽ മാത്രം പോരാ മികച്ച ജയം വേണം ടീമുകൾക്ക് മുന്നേറാൻ. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ഡൽഹി ഇന്നിറങ്ങുന്നത്. കരുത്തരെല്ലാം കൈയ്യിലുണ്ടായിട്ടും കളംകൈവിട്ട അവസ്ഥയിൽ ഹൈദരാബാദും നിരാശയിലാണ്. തോൽവികളേറ്റുവാങ്ങുമ്പോഴും ടീമിൽ അഴിച്ചുപണി ഹൈദരാബാദ് നടത്തുന്നില്ല. കാരണം ഒന്നേയുള്ളൂ, ഉള്ളവരെല്ലാം മികച്ചവരാണ്. മിന്നുംപ്രകടനം നടത്തി ഈ സീസണിൽ തന്നെ പ്രതീക്ഷ നൽകിയിട്ടുണ്ട് ഈ താരങ്ങൾ. അഭിഷേക് ശർമയും ട്രാവിസ് ഹെഡും മികച്ച തുടക്കം നൽകിയിട്ടും കഴിഞ്ഞ മത്സരത്തിൽ ടീം തോറ്റു. ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഢി എന്നിങ്ങനെ വമ്പനടിക്കാരുടെ നിരതന്നെയുണ്ട് ഹൈദരാബാദിന്.പക്ഷേ ടീം ഒന്നായി ജയത്തിനായി പൊരുതിയാൽ മാത്രമേ മുന്നേറാനാകൂ. ആദ്യ മത്സരത്തിൽ റെക്കോർഡ് സ്കോർ കുറിച്ച് സൺറൈസേഴ്സ് തങ്ങളുടെ കരുത്ത് തെളിയിച്ചതുമാണ്. പിന്നീട് ഒൻപത് മത്സരങ്ങളിൽ 200 സ്കോർ കടന്നത് ഒരേയൊരു തവണ മാത്രം.പാറ്റ് കമ്മിൻസിൻ്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും ശക്തമാണ്. പക്ഷേ നാല് മത്സരങ്ങളിൽ ഹൈദരാബാദ് 200ന് മുകളിൽ സ്കോർ വഴങ്ങി.


മറുവശത്ത് തുടർച്ചയായി നാല് മത്സരങ്ങളിൽ ജയിച്ചാണ് ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസ് തുടക്കമിട്ടത്. എന്നാൽ അടുത്ത ആറ് മത്സരങ്ങളിൽ ജയിക്കാനായത് വെറും രണ്ട് മത്സരങ്ങളിൽ മാത്രം. 10 കളിയിൽ 12 പോയിൻ്റുള്ള ഡൽഹിക്ക് പ്ലേഓഫ് തൊട്ടരികിലാണ്. പക്ഷേ ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകം. പഞ്ചാബ്, ഗുജറാത്ത്, മുംബൈ ടീമുകളെയാണ് ഹൈദരാബാദിന് പിന്നാലെ ഡൽഹിക്ക് നേരിടേണ്ടത്. അതിനാൽ ഹൈദരാബാദിനെതിരായ ജയം അനിവാര്യമാണ്. പോസിറ്റീവ് റൺനിരക്കുള്ളതാണ് അക്ഷർ പട്ടേലിനും സംഘത്തിനുമുള്ള പ്രതീക്ഷ.‌

നേർക്കുനേർ പോരാട്ടത്തിൻ്റെ കണക്കുനോക്കിയാൽ ഹൈദരാബാദിനാണ് നേരിയ മുൻതൂക്കം. ആകെ മത്സരിച്ച 25 കളികളിൽ 13ൽ ഹൈദരാബാദും 12ൽ ഡൽഹിയും ജയിച്ചു. എന്നാൽ, ഈ സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിന് ഡൽഹി ഹൈദരാബാദിനെ തകർത്തു.



ഇനി ചെറിയ കളികളില്ല, ഒരു വീഴ്ച, ഒരു പരാജയം, അത് പുറത്തേക്കുള്ള വാതിലാകും. ആദ്യ കിരീടം സ്വപ്നം കാണുന്ന ഡൽഹി. മറുവശത്ത് കഴിഞ്ഞ തവണ ഫൈനലിൽ കിരീടം കൈവിട്ട ഹൈദരാബാദ്. ജീവന്മരണ പോരിൽ നേർക്കുനേർ വരുമ്പോൾ ആര് നേടുമെന്ന് കാത്തിരിക്കാം.

SCROLL FOR NEXT