NEWSROOM

SKY മുംബൈ ഇന്ത്യൻസിനെ നയിക്കും; ആദ്യ മത്സരത്തിൽ ഹാർദിക്കിന് വിലക്ക്

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നാലെണ്ണം മാത്രമാണ് ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബൈ ഇന്ത്യൻസിന് വിജയിക്കാനായത്.

Author : ന്യൂസ് ഡെസ്ക്


ഇന്ത്യൻ പ്രീമിയർ ലീ​ഗിൻ്റെ 18-ാം പതിപ്പിൽ മാർച്ച് 23ന് നടക്കുന്ന മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരത്തിൽ നായകനായെത്തുക സൂര്യകുമാർ യാദവ്. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യക്ക് ഈ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കായി കളിക്കാനാകില്ല. ഇതോടെയാണ് ഇന്ത്യൻ ടി20 ടീമിൻ്റെ നായകനായ സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസ് താൽക്കാലിക ചുമതലയേൽപ്പിച്ചത്.



ടൂർണമെന്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഹാർദിക് സൂര്യയെ പ്രശംസിച്ചു. വരുന്ന സീസണിൽ ടീമിന് ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് സൂര്യയെന്ന് പാണ്ഡ്യ പറഞ്ഞു. "വർഷങ്ങളായി സ്കൈ മുംബൈയ്ക്കായി ധാരാളം റൺസ് നേടിയിട്ടുണ്ട്. അദ്ദേഹം മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ഇന്ത്യയ്ക്കും മുംബൈ ഇന്ത്യൻസിനും വേണ്ടി അദ്ദേഹം ഒരു മാച്ച് വിന്നറാണെന്ന് തെളിയിക്കപ്പെട്ടതാണ്," ഹാർദിക് പറഞ്ഞു.



രോഹിത് ശർമയ്ക്ക് പകരമായി 2024 സീസണിലാണ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൻ്റെ നായകസ്ഥാനം ഏറ്റെടുത്തത്. ടീമിന് അഞ്ച് കിരീടങ്ങൾ സമ്മാനിച്ച രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ഹാർദിക് പാണ്ഡ്യ കടുത്ത ഫാൻ ബുള്ളിയിങ്ങിന് ഇരയായി. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നാലെണ്ണം മാത്രമാണ് ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബൈ ഇന്ത്യൻസിന് വിജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ കൃത്യസമയത്ത് പന്തെറിഞ്ഞ് തീർക്കാൻ കഴിയാതിരുന്നതോടെ മുംബൈ നായകന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്.

ഇന്ത്യൻ ടി20 നായകനായ സൂര്യകുമാർ യാദവിന് മികച്ച റെക്കോർഡാണുള്ളത്. സൂര്യയുടെ കീഴിൽ 28 മത്സരങ്ങൾ കളിച്ച ഇന്ത്യ 18ലും വിജയം നേടി. നാല് പരമ്പരകളിലാണ് സൂര്യ ഇന്ത്യൻ ക്യാപ്റ്റനായത്. എല്ലാ പരമ്പരകളും സൂര്യയുടെ കീഴിൽ ഇന്ത്യ വിജയിച്ചു.



2018ലാണ് സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നത്. 94 ഇന്നിംഗ്‌സുകളിൽ നിന്ന് 2,986 റൺസ് അദ്ദേഹം മുംബൈയ്ക്കായി നേടിയിട്ടുണ്ട്. 23 അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് തൻ്റെ കരിയറിൽ ഇന്ത്യയുടെ ടി20 ടീമിനെയും, മുംബൈയുടെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടീമുകളെയും, മുംബൈ ഇന്ത്യൻസിനെയും നയിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലുമായി ആകെ 46 മത്സരങ്ങളിൽ സൂര്യ ടീമുകളെ നയിച്ചു. അതിൽ 30 വിജയങ്ങളും 12 തോൽവികളുമാണുള്ളത്.

SCROLL FOR NEXT