NEWSROOM

IPL 2025 | ഡൽഹി ക്യാപിറ്റൽസിനായി മുസ്തഫിസുർ റഹ്മാൻ കളിക്കുമോ?

ഐപിഎൽ ഒരു മാച്ച് പോലും ഒഴിവാക്കാതെ കാണുന്ന ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തുന്നത് നിരവധി ചോദ്യങ്ങളാണ്.

Author : ന്യൂസ് ഡെസ്ക്


2025 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മുസ്തഫിസുർ റഹ്മാൻ പങ്കെടുക്കുമോ? യുഎഇയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പേസർ മെയ് 14ന് ദുബായിലേക്ക് വിമാനം കയറിയിരുന്നു.

അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരത്തെ ഐപിഎല്ലിലേക്ക് കളിക്കാൻ വിളിച്ചത് ശരിയായോ? ഇക്കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) അറിഞ്ഞിരുന്നോ? ഇന്ത്യയിലേക്ക് പറക്കാൻ മുസ്തഫിസുറിനെ ബംഗ്ലാദേശ് സെലക്ടർമാർ അനുവദിക്കുമോ? ഐപിഎൽ ഒരു മാച്ച് പോലും ഒഴിവാക്കാതെ കാണുന്ന ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തുന്നത് നിരവധി ചോദ്യങ്ങളാണ്.

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജെയ്ക്ക് ഫ്രേസർ മക്ഗുർക്കിന് പകരക്കാരനായി ഡൽഹി ക്യാപിറ്റൽസിൻ്റെ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ മുസ്തഫിസുർ റഹ്മാനെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ, മുസ്തഫിസുറിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് എൻ‌ഒ‌സി നൽകുന്നത്, പാകിസ്ഥാൻ സൂപ്പർ ലീഗിൽ മത്സരിക്കുന്ന മറ്റു രണ്ട് കളിക്കാരുടെ കാര്യത്തിൽ ബോർഡിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

നേരത്തെ പി‌എസ്‌എല്ലിന്റെ ഭാഗമായിരുന്ന റിഷാദ് ഹൊസൈനും നഹിദ് റാണയും മുസ്തഫിസുറിനൊപ്പം യുഎഇ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടി20 ടീമിൽ ഉൾപ്പെടുന്നവരാണ്. അതിനാൽ, ഇടംകൈയ്യൻ പേസറായ മുസ്തഫിസുറിന് എൻ‌ഒ‌സി നൽകിയാൽ, റിഷാദിനും റാണയ്ക്കും കൂടി അതേ കാര്യം ചെയ്യാൻ BCB നിർബന്ധിതരാകും.

"ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഐപിഎല്ലിൽ മുസ്തഫിസുറിനെ കളിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ പറയുന്നില്ല. എന്നാൽ, ദേശീയ പ്രതിബദ്ധത എന്നൊരു കാര്യമുണ്ട്. അദ്ദേഹം അത് നിറവേറ്റേണ്ടതുണ്ട്," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബിസിബി ഡയറക്ടർ ക്രിക്ബസിനോട് പറഞ്ഞു.

"അതോടൊപ്പം, മുസ്തഫിസുറിനെ വിട്ടയച്ചിരുന്നെങ്കിൽ, പി‌എസ്‌എല്ലിൽ പങ്കെടുത്ത രണ്ട് ക്രിക്കറ്റ് കളിക്കാരെ എന്തു ചെയ്യുമായിരുന്നു. കാരണം ഞങ്ങൾ അവരെ വിട്ടയക്കാത്തത് എന്തുകൊണ്ടാണെന്ന് അവർക്ക് ചോദിക്കാമായിരുന്നു. ഞങ്ങൾക്ക് നേരെ ഒരു ബോർഡിനേയും വിരൽ ചൂണ്ടാൻ അനുവദിക്കുന്ന ഒരു സ്ഥാനത്ത് നിൽക്കാൻ BCB ആഗ്രഹിക്കുന്നില്ല," അദ്ദേഹം പറഞ്ഞു.

യുഎഇക്കെതിരായ രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം മുസ്തഫിസുറിനെ ബംഗ്ലാദേശ് വിട്ടയച്ചേക്കും. മെയ് 18ന് ഡൽഹിയിൽ നടക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ അടുത്ത മത്സരത്തിൽ കളിക്കാൻ മുസ്തഫിസുർ എത്തുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ യുഎഇക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ബംഗ്ലാ പേസർ ഇന്ത്യയിലേക്ക് പറന്നേക്കും.

SCROLL FOR NEXT