NEWSROOM

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി

അരാഗ്ചി വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും.

Author : ന്യൂസ് ഡെസ്ക്


ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി. ഇരുപതാമത് ഇന്ത്യ-ഇറാന്‍ സംയുക്ത സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് അരാഗ്ചി ഡല്‍ഹിയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും.

പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അരാഗ്ചി ഇന്ത്യയിലേക്ക് എത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് അരാഗ്ചി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടുമെന്ന് നേരത്തെ തന്നെ അരാഗ്ചി പറഞ്ഞിരുന്നു. പാക് സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായും അരാഗ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാകിസ്ഥാനും ഇറാനും തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ പാക് ബന്ധം ലഘൂകരിക്കുന്നതിന് ഇടപെടുമെന്ന് അറിയിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായും നിലവിലുള്ള സാഹചര്യങ്ങള്‍ അരാഗ്ചി ചര്‍ച്ച ചെയ്യും. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മൂന്നാമതൊരു കക്ഷിയെ ഇടപെടാന്‍ അനുവദിക്കില്ലെന്നാണ് ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചത്.

SCROLL FOR NEXT