NEWSROOM

ഹിജാബ് ധരിക്കാതെ യൂട്യൂബിൽ സം​ഗീതനിശ; ഇറാൻ ​ഗായിക പരസ്തു അഹമ്മദി അറസ്റ്റിൽ

കറുപ്പ് സ്ലീവ്‌ലെസ് ഉടുപ്പ് ധരിച്ച്, ഹിജാബ് ധരിക്കുകയോ, മുടി മറയ്ക്കുകയോ ചെയ്യാതെ പരസ്തു അഹമ്മദി പാടുന്നതിൻ്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ഹിജാബ് ധരിക്കാതെ യൂട്യൂബിൽ സം​ഗീതനിശ നടത്തിയതിന് ഇറാൻ ​ഗായിക അറസ്റ്റിൽ. 27കാരിയായ ഇറാനി ​ഗായിക പരസ്തു അഹമ്മദിയാണ് അറസ്റ്റിലായത്. മസന്ദരൻ പ്രവിശ്യയിലെ സാരി ന​ഗരത്തിൽ വെച്ചാണ് പരസ്തുവിനെ അറസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തതിന് യുവതിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.


കറുപ്പ് സ്ലീവ്‌ലെസ് ഉടുപ്പ് ധരിച്ച്, ഹിജാബ് ധരിക്കുകയോ, മുടി മറയ്ക്കുകയോ ചെയ്യാതെ മറ്റ് നാല് പുരുഷ സം​ഗീതജ്ഞരോടൊപ്പം പരസ്തു അഹമ്മദി പാടുന്നതിൻ്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. "ഞാൻ പരസ്തു. എനിക്ക് ഇഷ്ടമുള്ളവർക്ക് വേണ്ടി പാട്ടുകൾ പാടാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി. എൻ്റെ അവകാശമാണിത്, ഞാൻ സ്നേഹിക്കുന്ന എൻ്റെ ദേശത്തിന് വേണ്ടിയാണ് പാടുന്നത്. നമ്മുടെ പ്രിയപ്പെട്ട ഇറാൻ്റെ ചരിത്രവും നമ്മുടെ കെട്ടുകഥകളും ഇഴചേരുന്ന ഈ കച്ചേരിയിൽ എൻ്റെ ശബ്ദം കേൾക്കുകയും, ഈ മനോഹരമായ മാതൃരാജ്യത്തെ ഓർക്കുകയും ചെയ്യുക." ഇങ്ങനെ കുറിച്ചുകൊണ്ടാണ് പരസ്തു അഹമ്മദി യൂട്യൂബിൽ വീഡിയോ പങ്കുവെച്ചത്.


യൂട്യൂബിൽ 1.5 മില്യൺ വ്യൂസാണ് പരസ്തുവിൻ്റെ സംഗീത നിശയ്ക്ക് ലഭിച്ചത്. സംഗീതജ്ഞരായ സൊഹൈൽ ഫാഗിഹ് നസരി, എഹ്സാൻ ബെയ്രാഗ്ദർ എന്നിവരും അറസ്റ്റിലായതായി പരസ്തുവിൻ്റെ അഭിഭാഷകൻ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിയൻ നിയമപ്രകാരം ഹിജാബ് നിർബന്ധമാക്കിയിരുന്നു. പല സ്ത്രീകളും ഇത് മതവിശ്വാസത്തിൻ്റെ ഭാഗമായി ധരിക്കുമ്പോൾ, പലരും ഇത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായാണ് കാണുന്നത്.

SCROLL FOR NEXT