ഇറാനിൽ റെവല്യൂഷണി ഗാർഡ് ഉദ്യോഗസ്ഥർ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ഉത്തരവ്. ലെബനനിൽ പേജറുകളും വോക്കി ടോക്കറുകളും ഉപയോഗിച്ച് സ്ഫോടനം നടത്തുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ റെവല്യൂഷണി ഗാർഡുകൾക്കിടയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം.
രാജ്യത്ത് നിർമിച്ചത് കൂടാതെ ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ധാരാളം ഉപകരണങ്ങൾ ഇറാൻ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാൻ്റെ പ്രതിരോധ നീക്കം. നിലവിൽ ആശയവിനിമയം ഉൾപ്പടെ എല്ലാതരം സാങ്കേതിക വിദ്യകളും ഇറാൻ വിശദമായ അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്. ഇസ്രയേൽ ചാരൻമാരുടെ നുഴഞ്ഞുകയറ്റം സംശയിച്ച് ഉദ്യോഗസ്ഥർക്കിടയിലും പരിശോധന ശക്തമാണ്.
ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥരുടെ ഇറാനിലും വിദേശത്തുമുള്ള ബാങ്ക് അക്കൗണ്ടുകൾ, യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
എന്നാൽ ഇറാൻ പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങൾ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ഉദ്യോഗസ്ഥരുള്ള ഇറാൻ റെവല്യൂഷണി ഗാർഡിലെ ആശയവിനിമയം എങ്ങനെയാണെന്നത് രഹസ്യമാക്കി നിലനിർത്തുകയാണ്. പേജർ, വോക്കിടോക്കർ സ്ഫോടനത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് സേന പരിശോധനയും നടത്തുന്നുണ്ട്.