അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ ഉപരോധത്തോട് പ്രതികരിച്ച് ഇറാന്‍. ചർച്ചയ്ക്ക് തയ്യാറാണെന്നും ഭീഷണിക്കും സമ്മർദത്തിനും വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ച്ചി. റഷ്യയ്ക്ക് ആയുധം കൈമാറിയെന്ന ആരോപണത്തിലാണ് ഇറാന്‍റെ പ്രതികരണം
യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളടക്കമുള്ള ആയുധങ്ങള്‍ കൈമാറിയെന്ന യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടത്. അമേരിക്കയ്ക്ക് പുറമെ, യൂറോപ്യന്‍ രാജ്യങ്ങളായ ജർമ്മനിയും, ബ്രിട്ടനും, ഫ്രാൻസുമാണ് ഈ നീക്കം നടത്തിയത്. വ്യോമയാനമേഖലയിലാണ് പ്രധാനമായും ഉപരോധം. ഇറാന്‍ എയറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ യാത്രാവിലക്കുകളിലേക്ക് കടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാല്‍, ആയുധ കൈമാറ്റം സംബന്ധിച്ച റിപ്പോർട്ടുകള്‍ റഷ്യയ്ക്ക് പിന്നാലെ ഇറാനും തള്ളി. നിലവിലെ തർക്കങ്ങളില്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ച്ചി ശനിയാഴ്ച അറിയിച്ചു. എന്നാല്‍ പരസ്പര ധാരണയോടെയായിരിക്കണം ചർച്ചകളെന്നും, ഭീഷണിക്കും സമ്മർദത്തിനുമാണ് ശ്രമമെങ്കില്‍ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ്റെ വ്യോമയാന മേഖലയെ ലക്ഷ്യമിട്ട് കൂടുതല്‍ ഉപരോധങ്ങള്‍ പരിഗണനയിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര തലവന്‍ ജോസഫ് ബോറെല്‍ അറിയിച്ചതിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം.