NEWSROOM

ഇസ്രയേലിലെ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം; രണ്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു

രണ്ട് ഡ്രോണുകളാണ് വടക്കന്‍ ഗോലന്‍ കുന്നുകളിലെ സൈനിക താവളം ലക്ഷ്യം വെച്ച് പറന്നെത്തിയത്

Author : ന്യൂസ് ഡെസ്ക്


ഇസ്രയേലിലെ സൈനിക താവളത്തിൽ ഇറാഖ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകൾ ഉപയോഗിച്ചുള്ളതായിരുന്നു ഇറാഖിൻ്റെ അപ്രതീക്ഷിത ആക്രമണം. സംഭവത്തിൽ 24 സെെനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. 

രണ്ട് ഡ്രോണുകളാണ് വടക്കന്‍ ഗോലന്‍ കുന്നുകളിലെ സൈനിക താവളം ലക്ഷ്യം വെച്ച് പറന്നെത്തിയത്. ആദ്യത്തെ ഡ്രോൺ വ്യോമസേന വെടിവെച്ചു വീഴ്ത്തിയെങ്കിലും, രണ്ടാമത്തേതിൻ്റെ ആക്രമണം തടയാൻ സേനയ്ക്ക് സാധിച്ചില്ല. ആദ്യ ഡ്രോൺ വന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ടാമത്തേത് സൈനിക താവളത്തില്‍ പതിച്ചു. ആദ്യ ഡ്രോൺ പ്രവേശിച്ചപ്പോൾ അലാറം മുഴങ്ങിയത് കൊണ്ടാണ് സേനയ്ക്ക് വെടിവെച്ച് വീഴ്ത്താൻ സാധിച്ചത്.

ALSO READ: തിരിച്ചടിച്ച് ലബനൻ; ഇസ്രയേലിന് നേരെ വെടിയുതിർത്തതായി ലബനൻ സൈന്യം

എന്നാൽ രണ്ടാമത്തേത് പ്രവേശിച്ചപ്പോൾ അലർട്ടുകൾ മുഴങ്ങിയില്ല. സൈറണുകള്‍ മുഴങ്ങാത്തതിൻ്റെ കാരണത്തെ പറ്റി ഇസ്രയേല്‍ പ്രതിരോധ സേന അന്വേഷണം തുടരുകയാണ്. അതേസമയം, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക് റസിസ്റ്റന്‍സ് ഏറ്റെടുത്തു. വടക്കന്‍ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രോൺ വിക്ഷേപണം നടത്തിയെന്നാണ് ഇസ്ലാമിക് റസിസ്റ്റന്‍സിൻ്റെ അവകാശ വാദം.

SCROLL FOR NEXT