നീറ്റ് പരീക്ഷയെ തുടർന്നുള്ള വിവാദങ്ങളും വാർത്തകളും പുകയുന്നതിനിടെ ക്രമക്കേടുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ. രണ്ട് ഇടങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ധർമ്മേന്ദ്ര പ്രഥാൻ അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വിശദമാക്കി.
ഇതാദ്യമായാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിക്കുന്നത്. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പേപ്പർ ചോർന്നിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ഈ വിഷയം ഏറ്റെടുത്ത് കോൺഗ്രസ് മുന്നോട്ട് വന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ വിഷയം സ്വാധീനിച്ചിട്ടുണ്ടെന്നും, വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചും വലിയ വിമർശനങ്ങളുയർന്നു. തുടർന്ന്, പിഴവുകളില്ലെന്നും, പിഴവുകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും തുടങ്ങിയ മറുപടികളുമായി വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി.
നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശയ്ക്ക് സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.