കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതികൾ സംബന്ധിച്ച ഹർജികളിൽ കമ്മീഷൻ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വാദങ്ങൾ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്. എസ്ഐആറുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളും കമ്മീഷൻ ഐകകണ്ഠ്യേന എടുത്തതാണെന്ന് ഗ്യാനേഷ് കുമാറും കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ചേർന്നു സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കന്നിവോട്ടർമാർക്ക് പേരുചേർക്കാനുള്ള ഫോം ആറിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു. അതായത് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഭിപ്രായ ഭിന്നത എന്ന പ്രചാരണം തെറ്റിദ്ധാര മൂലമുണ്ടായതാണെന്നും ഇത് പുറത്തുവിട്ട പത്രവാർത്തയുടെ മാത്രം അടിസ്ഥാനത്തിലുള്ള ഹർജികളെ സംശയത്തോടെ കാണണമെന്നുമാണ് ഇലക്ഷൻ കമീഷൻ സുപ്രീംകോടതിയെ അറിയിച്ചത്. അതായത് ഭിന്നത എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് ഇലക്ഷൻ കമ്മീഷൻ പറഞ്ഞുവെക്കുന്നത്. അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെയും രാജ്യമൊട്ടാകെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ 'ഇന്ത്യ' മുന്നണി.. പ്രതിപക്ഷ പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാൻ ബിജെപിയും രംഗത്തിറങ്ങിക്കഴിഞ്ഞു. ഈ പശ്ചാത്തലമാണ് സ്പോട്ട്ലൈറ്റ് വിഷയമാക്കുന്നത്. പിന്നെ എന്തിനായിരുന്നു ആ തിരുത്തലുകൾ ?
ഇലക്ഷൻ കമീഷനിലെ ഭിന്നത മാധ്യമ സൃഷ്ടിയോ ?
എസ്ഐആറുമായി ബന്ധപ്പെട്ട് 2025 ജൂൺ, ഒക്ടോബർ, 2026 മേയ് എന്നീ മാസങ്ങളിൽ ഇറക്കിയ മൂന്ന് ഉത്തരവുകളും കമ്മീഷന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണെന്നും ഫയലുകൾ തയ്യാറാക്കുന്നതിനിടെ കമ്മീഷണർമാർ അയക്കുന്ന കുറിപ്പുകൾ, സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവയൊന്നും കമ്മീഷന്റെ തീരുമാനത്തിന്റെ ഭാഗമല്ലെന്നും കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ഫോം ആറിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നും കമ്മീഷൻ ആവർത്തിച്ചു. എസ്ഐആറിന് വേണ്ടി ഫോമിനോടൊപ്പം ചേർത്ത ഡിക്ലറേഷൻ, പ്രത്യേകരേഖയാണ്. കേന്ദ്ര സർക്കാരിന് മാത്രമേ, ഫോം ആറിൽ ഭേദഗതി വരുത്താനാകൂ. അതേസമയം, ഒക്ടോബർ 21 മുതൽ ഫോം ആറും എസ്ഐആർ ഡിക്ലറേഷനും പോർട്ടലിൽ വെവ്വേറെ കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ അനുമതിയില്ലാതെ വോട്ടർപട്ടികയിൽ പേരുകൾ ചേർക്കാനോ ഒഴിവാക്കാനോ സാധിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അഭിപ്രായ ഭിന്നത സംബന്ധിച്ച പത്ര റിപ്പോർട്ടുകളെ അപ്പാടെ തള്ളുകയാണ് കമ്മീഷർമാർ.
സത്യവാങ്മൂലത്തിൽ ഉയരുന്ന ആശങ്കകൾ
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അറിവോ സമ്മതമോ കൂടാതെ ഡെപ്യൂട്ടേഷനിലെത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ സ്വയം തീരുമാനമെടുത്ത് ഉത്തരവിറക്കിയതാണ് കമ്മീഷനിലെ അസാധാരണ അധികാരത്തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇത് വെറുമൊരു 'തെറ്റിദ്ധാരണ' മാത്രമാണെന്ന് ഇപ്പോൾ കമ്മീഷൻ സത്യവാങ്മൂലത്തിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പ്രശ്നം പരിഹരിക്കാൻ രണ്ട് കമ്മീഷണർമാർക്ക് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് പരാതിക്കത്തയക്കേണ്ടി വരികയും, പിന്നാലെ വിവാദ ഉത്തരവ് മരവിപ്പിക്കേണ്ടി വരികയും ചെയ്തത് ആഭ്യന്തര ഭിന്നത എത്രത്തോളം രൂക്ഷമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഈ തർക്കങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് യോഗങ്ങൾക്ക് കൃത്യമായ അജൻഡയും മിനിറ്റ്സും വേണമെന്നതടക്കമുള്ള സുപ്രധാന തിരുത്തലുകൾക്ക് കമ്മീഷൻ നിർബന്ധിതമായത്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വഴി ഫോം 6-ൽ കമ്മീഷൻ മാറ്റം വരുത്തി എന്ന ആരോപണം ഇലക്ഷൻ കമ്മീഷൻ സത്യവാങ്മൂലത്തിൽ പൂർണ്ണമായും തള്ളിയിരിക്കുകയാണ്. വോട്ടർമാർക്ക് പരിശോധനയ്ക്കായി കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഒരു അധിക സത്യപ്രസ്താവന ഫോം ഏർപ്പെടുത്തിയത്. ഇത് വോട്ടർമാരെ സഹായിക്കാൻ കൊണ്ടുവന്ന മാപ്പിംഗ് സംവിധാനം മാത്രമാണെന്നും നിയമപരമായ ഫോം 6-ൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഈ വിശദീകരണങ്ങൾക്ക് അപ്പുറവും ഒരു പ്രധാന ചോദ്യം അവശേഷിക്കുകയാണ്. എല്ലാം ഭദ്രമാണെന്ന് വാദിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദം വന്ന ശേഷം ഈ അടുത്ത ദിവസം വരെ വരുത്തിയ തിരുത്തലുകൾ പിന്നെ എന്തിന് വേണ്ടിയായിരുന്നു?
ഫോം 6 വിവാദവും ചീഫ് ജസ്റ്റിസിന്റെ ഉറപ്പും
വോട്ടർപട്ടികയിൽ പേര് വീണ്ടും ഉൾപ്പെടുത്താൻ ഫോം 6 ഉപയോഗിച്ചതിന്റെ പേരിൽ ആർക്കെതിരെയും യാതൊരു നിയമനടപടിയോ പ്രോസിക്യൂഷനോ ഉണ്ടാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വാക്കാൽ ഉറപ്പുനൽകിയിട്ടുണ്ട്. നേരത്തെ ഒഴിവാക്കപ്പെട്ടവരോട് വീണ്ടും പേര് ചേർക്കാൻ പുതിയ വോട്ടർമാർക്കുള്ള ‘ഫോം 6’ പൂരിപ്പിച്ചു നൽകാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് വ്യാജ സത്യവാങ്മൂലമായി കണക്കാക്കി നിയമനടപടികൾക്ക് ഇടയാക്കുമെന്ന ഭയം ശക്തമായിരുന്നു. ആക്ഷേപങ്ങളും പുതിയ അപേക്ഷകളും സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ച പശ്ചാത്തലത്തിൽ, സാധാരണക്കാരായ വോട്ടർമാർക്ക് നീതി ഉറപ്പാക്കാൻ തീയതി നീട്ടി നൽകണമെന്ന ആവശ്യം ശക്തമാണ്. ലക്ഷക്കണക്കിന് വോട്ടർമാർ പുറത്തായ സാഹചര്യത്തിൽ, നവംബർ 6-ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന അന്തിമ വോട്ടർപട്ടിക മാറ്റിവെക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെടുന്നു. വോട്ടവകാശം തിരിച്ചുപിടിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തിൽ നവംബർ 5-ന് സുപ്രീം കോടതി എടുക്കുന്ന തീരുമാനം രാജ്യത്താകെ നിർണായകമാകും.
സംസ്ഥാനങ്ങളിൽ എസ്ഐആർ ആശങ്കകൾ തുടരുന്നു
എസ്ഐആർ ഫോം സിക്സില് മാറ്റം വരുത്തിയ നടപടിക്ക് സുപ്രീംകോടതിയുടെ അനുമതിയുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് വിഷയത്തിൽ അധികസത്യവാങ്മൂലം നല്കാന് ഹര്ജിക്കാര് ഒരാഴ്ച സാവകാശം തേടി. പശ്ചിമബംഗാളിൽ സുപ്രീംകോടതി നിർദേശിച്ച പുനഃപരിശോധനയ്ക്കു ശേഷവും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താതിരുന്ന 16 ലക്ഷത്തിലേറെപ്പേരെ നീക്കം ചെയ്യാൻ അപേക്ഷ നൽകിയത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉദ്യോഗസ്ഥർ തന്നെയെന്ന് കമ്മീഷൻ സുപ്രീംകോടതിയിൽ സമ്മതിച്ചു. മഹാരാഷ്ട്രയിൽ കരട് വോട്ടർപട്ടികയിൽ നിന്ന് സംസ്ഥാനത്തെ 33 ശതമാനത്തോളം അതായത് ഏകദേശം രണ്ട് കോടി വോട്ടർമാരെ ഒഴിവാക്കിയ സംഭവത്തിൽ നവംബർ 5-നകം മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഗര പുനർവികസനത്തിന്റെ ഭാഗമായി താത്കാലികമായി മാറിയവരെ അടക്കം 'അസാന്നിധ്യം' രേഖപ്പെടുത്തി ഒഴിവാക്കിയതോടെ മുംബൈയിൽ മാത്രം 40 ശതമാനം വോട്ടർമാരാണ് പട്ടികയ്ക്ക് പുറത്തായത്. ഉത്തർപ്രദേശിൽ പിലിഭിത്ത്, അസംഗഡ് ജില്ലകളിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഫോം 6, 7, 8 എൻട്രികളിൽ സമഗ്രമായ ഓഡിറ്റിന് ചീഫ് ഇലക്ടറൽ ഓഫീസർ ഉത്തരവിട്ടു. കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ നേരിട്ട് ഫോമുകൾ കൈകാര്യം ചെയ്യുന്നതും ലോഗിൻ വിവരങ്ങൾ പങ്കിടുന്നതും വിലക്കിയ അധികൃതർ, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. ബിഹാറിൽ എസ്ഐആറിലെ ഫോം സിക്സ് മാറ്റവുമായി ബന്ധപ്പെട്ട പുതിയ ഹര്ജിയില് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്.
പ്രതിപക്ഷ പ്രക്ഷോഭങ്ങളെ ചെറുക്കാൻ ബിജെപി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെയും രാജ്യമൊട്ടാകെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ 'ഇന്ത്യ' മുന്നണി. ഒക്ടോബർ 30-ന് ഡൽഹിയിൽ വെച്ച് 'ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഇംപീച്ച്മെന്റായ മോക് പാർലമെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചെങ്കിലും വേദിക്കായുള്ള അനുമതി നിഷേധിച്ചതിനാൽ അന്തിമ തീരുമാനമായിട്ടില്ല. അനുമതി നിഷേധിച്ചാലും ഒക്ടോബർ 30-ന് ഡൽഹിയിൽ വെച്ച് ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 1-ന് രാജ്യതലസ്ഥാനത്തെ രാംലീല മൈതാനത്ത് വിപുലമായ ജനപങ്കാളിത്തത്തോടെ 'ഡൽഹി ചലോ' മഹാറാലിയും നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാൻ ബിജെപി കളത്തിലിറങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം ഇല്ലാതാക്കുക' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണം. ബംഗ്ലാദേശിലും ഫ്രാൻസിലും മറ്റുംനടന്ന രീതിയിലുള്ള പ്രക്ഷോഭം വഴി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം എന്ന മറുപ്രചാരണമാണ് ബിജെപിയുടേത്. ബുധനാഴ്ച റെഡ്ഫോർട്ടിൽ നിന്ന് ചാന്ദ്നി ചൗക്ക് വരെ മഹാപദയാത്ര സംഘടിപ്പിക്കാനിരിക്കുകയാണ് ഇവർ.
ഭിന്നത മാധ്യമ സൃഷ്ടിയോ ?
കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ വെറും മാധ്യമസൃഷ്ടിയാണെന്ന് വരുത്തിത്തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ ശ്രമിക്കുമ്പോഴും, വിവാദങ്ങൾക്ക് പിന്നാലെ വരുത്തിയ ഭരണപരമായ തിരുത്തലുകളും സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് വോട്ടർമാർ പുറത്തായതും ഗൗരവമേറിയ ചോദ്യങ്ങളായി അവശേഷിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും സാധാരണക്കാരന്റെ വോട്ടവകാശവും ഒരേപോലെ ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങൾക്കപ്പുറം സുപ്രീംകോടതി എടുക്കുന്ന നിലപാടായിരിക്കും രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയിൽ നിർണായകമാകുക.