NEWSROOM

സണ്‍റൈസേഴ്സിന്‍റെ 'പോക്കറ്റ് ഡൈനാമോ'; ആദ്യ IPL സെഞ്ചുറി തിളക്കത്തില്‍ ഇഷാന്‍ കിഷന്‍

2025 ഐപിഎല്ലിൽ സൺറൈസേഴ്സിനായുള്ള തന്റെ ആദ്യ മത്സരത്തിലാണ് ഇഷാന്റെ സെഞ്ചുറി നേട്ടം

Author : ന്യൂസ് ഡെസ്ക്

28 സെപ്റ്റംബർ 2020. ദുബായിൽ വെച്ച് നടന്ന ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സ് മുംബൈ ഇന്ത്യൻസ് പോരാട്ടം ആരും മറന്നിരിക്കാന്‍ വഴിയില്ല. കളി സൂപ്പർ ഓവറും കടന്നപ്പോൾ ശ്വാസം പിടിച്ചിരുന്നാണ് ആരാധകർ ഒന്നടങ്കം ഫലത്തിനായി കാത്തിരുന്നത്. മത്സരം മുംബൈ പരാജയപ്പെട്ടു. തീപാറുന്ന മത്സരത്തിന് സാക്ഷിയായവർ എല്ലാം തിരഞ്ഞത് ഒരു മുഖമാണ്. സെഞ്ചുറിയുടെ പടിക്കൽ വിക്കറ്റ് നഷ്ടമായ ഇഷാൻ കിഷന്റെ ആ മുഖം ഇപ്പോഴും ആരാധകരുടെ മനസിലുണ്ടാകും. 58 പന്തിൽ 99 റൺസായിരുന്നു ഇഷാന്റെ നേട്ടം. തന്റെ പത്താമത്തെ സീസണിലാണ് ഈ സെഞ്ചുറി നഷ്ടം ഇഷാൻ നികത്തിയത്. അതും മറ്റൊരു ജേഴ്സിയിൽ. 2025 ഐപിഎല്ലിൽ സൺറൈസേഴ്സിനായുള്ള തന്റെ ആദ്യ മത്സരത്തിലാണ് ഇഷാന്റെ സെഞ്ചുറി നേട്ടം. ഇഷാൻ കിഷന്റെ ആദ്യ ഐപിഎൽ സെഞ്ചുറി.

ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന കാലത്ത് 'പോക്കറ്റ് ഡൈനാമോ' എന്നായിരുന്നു ഇഷാന്റെ വിളിപ്പേര്. എങ്ങനെ അങ്ങനെയൊരു പേര് വീണുവെന്ന് ഇന്നത്തെ രാജസ്ഥാൻ റോയൽസ്- സൺറൈസേഴ്സ് ഹൈദരാബാദ് പോരാ‍ട്ടം വ്യക്തമാക്കുന്നു. 45 പന്തിലായിരുന്നു ഇഷാൻ കിഷാന്റെ സെഞ്ചുറി നേട്ടം.  ആറ് സിക്സും 11 ഫോറുമായി 106 റണ്‍സാണ് താരം അടിച്ചെടുത്തത്.  സുഖം തോന്നുന്നുവെന്നും താൻ ഈ സെഞ്ചുറിക്കായി കാത്തിരിക്കുകയായിരുന്നു എന്നുമായിരുന്നു ബാറ്റിങ് കഴിഞ്ഞ ശേഷമുള്ള ഇഷാന്റെ ആദ്യ പ്രതികരണം. ഭയമില്ലാതെ അൾട്രാ-അഗ്രസീവായി കളിക്കാൻ പൂർണ സ്വാതന്ത്രം നൽകുന്ന ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും ഇഷാൻ നന്ദി അറിയിച്ചു. മെ​ഗാ താരലേലത്തിൽ 11.25 കോടി രൂപയ്ക്കാണ് ഇഷാൻ കിഷനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

3.1 ഓവറിൽ 45 റൺസ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞതിനു പിന്നാലെ മൂന്നാമനായിട്ടായിരുന്നു ഇഷാൻ കിഷന്റെ രം​ഗപ്രവേശം. ട്രാവിസ് ഹെഡിനൊപ്പം 38 പന്തിൽ 85 റൺസും നിതീഷ് റെഡ്ഡിയുമായി 29 പന്തിൽ 72 റൺസും നേടിയ ഇഷാൻ സൺറൈസേഴ്സ് ടോട്ടൽ 250 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഐപിഎല്ലിലെ അഞ്ച് മികച്ച ടോട്ടലുകളിൽ നാലെണ്ണവും ഇപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേരിലാണ്. 286 റൺസാണ് രാജസ്ഥാനെതിരെ സൺറൈസേഴ്സ് അടിച്ചുകൂട്ടിയത്. മത്സരം 44 റണ്‍സിന് സണ്‍റൈസേഴ്സ് സ്വന്തമാക്കി. 



SCROLL FOR NEXT