ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ രൂക്ഷമാകുന്നുവെന്ന് ഇസ്കോൺ ഇന്ത്യ വൈസ് പ്രസിഡൻ്റ് രാധാറാം ദാസ്. ബംഗ്ലാദേശിൽ ക്ഷേത്രവും സംഘടനാ കേന്ദ്രവും അഗ്നിക്ക് ഇരയാക്കിയതായി രാധാറാം ദാസ് എക്സ് പോസ്റ്റിൽ കുറിച്ചു.
ഇന്ന് പുലർച്ചെയാണ് ബംഗ്ലാദേശിലെ ധാക്കയിൽ ക്ഷേത്രത്തിനും ഇസ്കോൺ കേന്ദ്രത്തിനും നേരെ ആക്രമണം നടന്നത്. ധൂർ ഗ്രാമത്തിലെ ഹരേ കൃഷ്ണ നാംഹട്ട സംഘത്തിൻ്റെ കീഴിലുള്ള ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനും, ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായൺ ക്ഷേത്രത്തിലുമാണ് അക്രമികൾ തീയിട്ടത്. പെട്രോൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഒരു സംഘം അക്രമികൾ ക്ഷേത്രത്തിൽ തീയിട്ടത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ ഉൾപ്പെടെ എല്ലാ വസ്തുക്കളും പൂർണമായി നശിച്ചതായി ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസിൻ്റെ വൈസ് പ്രസിഡൻ്റ് പറഞ്ഞു.
കഴിഞ്ഞ മാസം ധാക്കയിൽ ഇസ്‌കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിൽ പശ്ചിമ ബംഗാളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമായി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചിൻമയ് കൃഷ്ണ ദാസ് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. ഭക്തരോടും സന്യാസിമാരോടും വിവേകത്തോടെ പെരുമാറണമെന്നും പൊതുസ്ഥലങ്ങളിൽ തിലകമോ കുങ്കുമ വസ്ത്രമോ ധരിക്കുന്നത് ഒഴിവാക്കണമെന്നും രാധാറാം ദാസ് അഭ്യർത്ഥിച്ചിരുന്നു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണെന്നും ഇടക്കാല സർക്കാരിനോട് പരാതിപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്നും ഇസ്കോൺ നേതാവ് രാധാറാം ദാസ് പറഞ്ഞു.
ALSO READ: ബഹിരാകാശത്ത് വെള്ളം കുടിക്കുന്നതെങ്ങനെ? വിദ്യാർഥികൾക്ക് ഡെമോ ഓൺലൈൻ ക്ലാസ് നൽകി സുനിതാ വില്യംസ്