മഹാരാഷ്ട്ര, കേരളം, ഗോവ, കൊങ്കണ്‍ തീരപ്രദേശങ്ങളില്‍ അടുത്ത ആറ് ദിവസം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 സെൻ്റിമീറ്ററിലധികം മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലേർട്ടും പ്രഖ്യാപിച്ചു.
മധ്യ മഹാരാഷ്ട്ര, ഗുജറാത്ത്, തീരദേശ കർണാടക, കൊങ്കൺ ഗോവ, കേരളം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് മേഖലകളില്‍ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയിൽ താനെയിലെ ഭിവണ്ടി പ്രദേശത്തെ കംവാരി നദി കരകവിഞ്ഞൊഴുകി, തീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. കർണാടകയിലെ തെക്കൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച കനത്ത മഴയിൽ അരഗ, ചെന്നിയ, ഇടുരു, തൊടുരു വില്ലേജുകളിലെ പല പ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. ഇടിമിന്നലിൽ കുടക് ജില്ലയിൽ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി. മഹാരാഷ്ട്രയില്‍ റായ്ഗഡില്‍ റെഡ് അലേർട്ടും, മുംബൈ ഉള്‍പ്പടെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതേസമയം, മഴക്കെടുതിയെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. 6 ലക്ഷം പേരെ വരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ NDRF, SDRF അംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.