NEWSROOM

'സുരക്ഷിതമായി തിരിച്ചെത്തേണ്ട സമയം അറിയിക്കും'; ദക്ഷിണ ലബനനിലെ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാൻ നിർദേശം

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്റള്ളയുടെ പിന്‍ഗാമിയായി കരുതുന്ന ഹാഷിം സഹീദ്ദീനുമായുള്ള ആശയവിനിമയം ഹിസ്ബുള്ളയ്ക്ക് നഷ്ടമായി എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍

Author : ന്യൂസ് ഡെസ്ക്

ദക്ഷിണ ലബനനില്‍ 25 പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി ഇസ്രയേൽ സൈന്യം. ആവാലി നദിയുടെ വടക്കൻ ഭാഗത്തേക്ക് പോകാനാണ് നിർദേശം.  ഇസ്രയേൽ സൈന്യത്തിന്‍റെ അറബി ഭാഷാ വക്താവ് അവിചയ് അദ്രേയി ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ദക്ഷിണ ലബനനിലേക്ക് ആക്രമണം ശക്തമാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേലിന്‍റെ പുതിയ മുന്നറിയിപ്പ്.

"ഹിസ്ബുള്ള അംഗങ്ങൾ, ആയുധങ്ങൾ എന്നിവയ്ക്ക് സമീപമുള്ളവരുടെ ജീവൻ അപകടത്തിലാണ്", അവിചയ് അദ്രേയി മുന്നറിയിപ്പ് നല്‍കി. ഗ്രാമവാസികള്‍ വീടുകള്‍ ഒഴിയണമെന്നും അവിചയ് പറഞ്ഞു. ഹൗല, മെയ്‌സ് എൽ-ജബൽ, ബിൽഡ എന്നീ ഗ്രാമങ്ങളാണ് ഒഴിയാൻ നിർദേശം നല്‍കിയിരിക്കുന്നത്. സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്തേണ്ട സമയം അറിയിക്കുമെന്ന് അവിചയ് കൂട്ടിച്ചേർത്തു.

Also Read: "ലജ്ജാകരം"; ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തലാക്കി ഫ്രാന്‍സ്, വിമർശിച്ച് നെതന്യാഹു

അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്റള്ളയുടെ പിന്‍ഗാമിയായി കരുതുന്ന ഹാഷിം സഹീദ്ദീനുമായുള്ള ആശയവിനിമയം ഹിസ്ബുള്ളയ്ക്ക് നഷ്ടമായി എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സഫീദ്ദീനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിലെ ദക്ഷിണ പ്രവിശ്യയിലുള്ള ദാഹിയേയില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തിനു ശേഷമാണ് സഫീദ്ദീനുമായുള്ള ആശയവിനിമയം നഷ്ടമായതെന്നും റിപ്പോർട്ടില്‍ പറയുന്നു.

SCROLL FOR NEXT