NEWSROOM

ഇറാൻ-ഇസ്രയേൽ സംഘർഷം: ബെയ്റൂട്ടിൽ വീണ്ടും വ്യോമാക്രമണം; ആറ് മരണം, നിരവധി പേർക്ക് പരുക്ക്

ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 46 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്


ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ അമേരിക്കൻ സ്വദേശിയുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഹിസ്ബുള്ളയുമായി നടത്തിയ കരയുദ്ധത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വ്യോമാക്രമണം. ലബനനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ബുധനാഴ്ച രാത്രിയോടെയാണ് ബെയ്റൂട്ടിൽ വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിൽ ബെയ്റൂട്ടിലെ റസിഡൻഷ്യൽ ബഷൗറ ജില്ലയിലെ ഒരു ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഹിസ്ബുള്ളയുമായി ചേർന്ന് പ്രവർത്തിക്കുന്ന അൽ-മനാർ ടിവി സ്റ്റേഷൻ ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്.

അതേസമയം ഇസ്രയേലിലേക്കുള്ള ഇറാൻ്റെ റോക്കറ്റാക്രമണത്തിന് പിന്നാലെ യുദ്ധമുഖമായി മാറിയിരിക്കുകയാണ് പശ്ചിമേഷ്യ. ഹിസ്ബുള്ളയുമായി നടത്തിയ കരയുദ്ധത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ലെബനനില്‍ കരയുദ്ധം ആരംഭിച്ച ശേഷം ഇസ്രയേല്‍ സൈന്യം നേരിടുന്ന എറ്റവും വലിയ തിരിച്ചടിയാണിത്. നാല് കമാന്‍ഡോകള്‍, രഹസ്യാന്വേഷണ യൂണിറ്റിലെ രണ്ട് അംഗങ്ങള്‍, ഒരു എന്‍ജിനീയറിങ് കോർപ്സ് അംഗം എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സൈന്യം അറിയിച്ചു.

ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് പ്രകാരം, ഹിസ്ബുള്ള സംഘവുമായുണ്ടായ വെടിവെപ്പിലാണ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടത്. മറ്റ് അഞ്ച് സൈനികർക്ക് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സൈനികരുടെ വിയോഗത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി. "നമ്മെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാൻ്റെ തിന്മയുടെ അച്ചുതണ്ടിനെതിരായുള്ള കഠിനമായ യുദ്ധത്തിൻ്റെ പാരമ്യത്തിലാണിപ്പോള്‍ നമ്മള്‍. എന്നാല്‍ നമ്മള്‍ ഒത്തൊരുമിച്ച്, ദൈവത്തിൻ്റെ സഹായത്തോടെ വിജയിക്കും," നെതന്യാഹു പറഞ്ഞു.


SCROLL FOR NEXT