NEWSROOM

കുട്ടികളായ ക്ഫിറിനെയും ഏരിയലിനെയും 'നഗ്നമായ കൈകളാല്‍' കൊലപ്പെടുത്തിയത്; വീണ്ടും ആരോപണവുമായി ഇസ്രയേല്‍

ഫോറന്‍സിക് പരിശോധനയിലൂടെയുള്ള കണ്ടെത്തലും ഈ നിഗമനത്തിലേക്ക് തന്നെയാണ് എത്തിക്കുന്നതെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ഹമാസ് കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളില്‍ കുട്ടികളായ ക്ഫിറിനെയും ഏരിയലിനെയും ഹമാസ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്ത്. പത്ത് മാസം പ്രായമുള്ള ക്ഫിറിനെയും നാല് വയസുള്ള ഏരിയലിനെയും വെടിവെച്ചല്ല കൊലപ്പെടുത്തിയതെന്നും, നഗ്നമായ കൈകള്‍ കൊണ്ട് ക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും ഐഡിഎഫ് ആരോപിച്ചു. ഫോറന്‍സിക് പരിശോധനയിലൂടെയുള്ള കണ്ടെത്തലും ഈ നിഗമനത്തിലേക്ക് തന്നെയാണ് എത്തിക്കുന്നതെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു. ഷിരി ബിബാസും മക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പറഞ്ഞത്. 2023 ഒക്ടോബര്‍ ഏഴിനായിരുന്നു ഷിരിയെയും മക്കളെയും ഹമാസ് തടവിലാക്കിയത്.



വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയത്. എന്നാല്‍ ഹമാസ് കൈമാറിയത് ഷിരി ബിബാസിന്റെ മൃതദേഹമല്ലെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ ആരോപണത്തെ ഗൗരവതരമായി കാണുന്നുവെന്നും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഷിരി ബിബാസിന്റെ മൃതദേഹ ഭാഗങ്ങള്‍ മറ്റ് ശരീരാവശിഷ്ടങ്ങളുമായി കൂടിക്കലര്‍ന്നതായി ഹമാസ് പറഞ്ഞിരുന്നു.

ഷിരിയുടെ മൃതദേഹം അവശിഷ്ടങ്ങള്‍ക്കടിയില്‍ മറ്റ് മൃതദേഹങ്ങളുമായി കലര്‍ന്ന് ഛിന്നഭിന്നമായ നിലയിലായിരുന്നുവെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ ഇസ്മായില്‍ അല്‍-തവാബ്‌തെയും പറഞ്ഞു. ഷിരി ബിബാസും അവരുടെ രണ്ട് മക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഹമാസ് അവകാശപ്പെടുന്നു. എന്നാല്‍ ഹമാസ് തടവില്‍ വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലിന്റെ വാദം.



ഇന്നലെയാണ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യമായി കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയത്. ബന്ദികളായ ഷിരി ബിബാസും അവരുടെ 9 മാസവും നാല് വയസും പ്രായമുള്ള കുട്ടികളായ ഏരിയല്‍, ക്ഫിര്‍ എന്നിവരുടെ മൃതദേഹമാണ് കൈമാറുന്നതെന്നാണ് ഹമാസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇസ്രയേല്‍ പരിശോധനയില്‍ മൃതദേഹം ഷിരിയുടേതല്ലെന്ന് കണ്ടെത്തി. ഗാസയിലെ ഖാന്‍ യൂനിസിലെ ബനി സുഹൈലയിലായിരുന്നു കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് തടിച്ചുകൂടിയ ജനങ്ങളില്‍ പലരും പലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് നിന്നിരുന്നത്. ബന്ദികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്നായിരുന്നു ഹമാസിന്റെ അവകാശവാദം.

SCROLL FOR NEXT