ദോഹ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയുടെ ഗാസയിലെ ബ്യൂറോ 45 ദിവസത്തേക്ക് പൂട്ടിയിടാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ ഇസ്രയേലിന് കീഴിലുള്ള വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള ഓഫീസ് ഇസ്രയേൽ സൈന്യം റെയ്ഡ് ചെയ്തതായി ഖത്തർ ബ്രോഡ്കാസ്റ്റർ അൽ ജസീറ പറഞ്ഞു. മുഖംമൂടി ധരിച്ച ആയുധധാരികളായ ഇസ്രയേൽ സൈനികരാണ് കെട്ടിടത്തിൽ പ്രവേശിച്ച്, അടച്ചുപൂട്ടാനുള്ള ഉത്തരവ് നെറ്റ്‌വർക്കിൻ്റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ-ഒമാരിക്ക് കൈമാറിയത്. എന്നാൽ ഉത്തരവിനുള്ള കാരണം അവർ വ്യക്തമാക്കിയില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അൽ ജസീറ 45 ദിവസത്തേക്ക് അടച്ചിടാൻ കോടതി വിധിയുണ്ടെന്ന് കാട്ടിയായിരുന്നു ഇസ്രയേലി സൈനികർ ഓഫീസിലെത്തിയത്. സ്ഥാപനത്തിലെ എല്ലാ ക്യാമറകളും എടുത്തുകൊണ്ട് എല്ലാവരും ഒഴിഞ്ഞുപോകണമെന്നായിരുന്നു ഇവരുടെ നിർദേശം.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അൽ ജസീറയെ ഇസ്രയേലിൽ നിന്ന് വിലക്കിയതിന് മാസങ്ങൾക്ക് ശേഷമാണ് സൈന്യത്തിൻ്റെ പുതിയ ഉത്തരവ്. മെയ് മാസത്തിൽ അൽ ജസീറയുടെ ഓഫീസായി പ്രവർത്തിച്ചിരുന്ന ജറുസലേമിലെ ഹോട്ടൽ മുറിയിലും ഇസ്രയേൽ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.
പ്രാഥമിക മനുഷ്യാവകാശങ്ങളുടെയും വിവരാവകാശത്തിൻ്റെയും ലംഘനമാണിതെന്ന് നിരോധനത്തെ അപലപിച്ചുകൊണ്ട് അൽ ജസീറ പറഞ്ഞു. ഗാസ മുനമ്പിലെ പ്രവർത്തനങ്ങൾ മറച്ചുവെക്കാനായാണ് ഇസ്രയേൽ ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തുന്ന ഈ നീക്കം അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അൽ ജസീറ അഭിപ്രായപ്പെട്ടു.