ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും കടുത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണം ജനവാസ മേഖലയിലേക്കും കടന്നിരിക്കുകയാണ്. ഹിസ്ബുള്ള നേതാവും ഇറാൻ്റെ പ്രധാന സഖ്യകക്ഷിയുമായ ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 80ഓളം പേർക്ക് പരുക്കേൽക്കയും ചെയ്തതായി ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് ലബനനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം രാജ്യം നടത്തുന്ന ഏറ്റവും തീവ്രമായ ആക്രമണങ്ങളാണ് ഇതെന്നാണ് റിപ്പോർട്ട്.
ഹിസ്ബുള്ള നേതാവായ ഹസൻ നസ്‌റല്ല ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു ഇസ്രയേലി സൈന്യം നൽകിയ വിവരം. എന്നാൽ ഹസൻ നസ്റല്ല സുരക്ഷിതനാണെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. എന്നാൽ ഇത് അവിശ്വസനീയമാണെന്നായിരുന്നു സൈന്യത്തിൻ്റെ പ്രതികരണം.
തെക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റിൻ്റെ കമാൻഡർ മുഹമ്മദ് അലി ഇസ്മയിൽ, ഇറാൻ പിന്തുണയുള്ള സൈന്യത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറയുന്നു. ആക്രമണം ഒരു ഭൂകമ്പം പോലെ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
തെക്കൻ ബെയ്‌റൂട്ടിലെ കെട്ടിടങ്ങൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങളെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും ഈ വിവരവും ഹിസ്ബുള്ള നിഷേധിച്ചു. ആക്രമണത്തെത്തുടർന്ന്, ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് തിരിച്ചടിച്ചു. പിന്നാലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിലുള്ള സാധാരണക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹുവിൻ്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരുന്നു ബെയ്റൂട്ടിലെ ഇസ്രയേൽ ആക്രമണം. ലക്ഷ്യം കാണുംവരെ ഹിസ്ബുള്ളയെ അടിച്ചമര്‍ത്തുന്നത് തുടരുമെന്നായിരുന്നു നെതന്യാഹുവിൻ്റെ വാക്കുകൾ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിൽ ഉടനീളം ആറ് വലിയ സ്ഫോടനങ്ങളുണ്ടായി. ദഹിയയുടെ തെക്കൻ പ്രദേശത്തുള്ള നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ആക്രമണത്തെത്തുടർന്ന് ദഹിയ നിവാസികളും സമീപമുള്ള പലസ്തീനിയൻ അഭയാർഥി ക്യാമ്പിലുള്ളവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
ALSO READ: ഇസ്രയേലിൻ്റെ കയ്യെത്താത്ത സ്ഥലങ്ങൾ ഇറാനില്ല; മുന്നറിയിപ്പുമായി നെതന്യാഹു
വ്യാഴാഴ്ച തെക്കൻ ബെയ്‌റൂട്ടിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് സ്രൂറിനെ വധിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റിന്റെ മേധാവി ആയിരുന്നു മുഹമ്മദ് സ്രൂർ. ഹിസ്ബുള്ള കമാൻഡർമാരെ ലക്ഷ്യംവച്ച് ഇസ്രയേൽ തെക്കൻ ബെയ്റൂട്ടിൽ തുടർച്ചായി ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിൽ ഹിസ്ബുള്ളയുടെ റദ്വാൻ സേനാ മേധാവി ഇബ്രാഹിം അഖീൽ ഉൾപ്പെടെ ഏതാനും കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു.