NEWSROOM

വടക്കന്‍ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപ് വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; 33 പേർ കൊല്ലപ്പെട്ടു

രണ്ടാഴ്ചയിലേറെയായി ഇസ്രയേൽ സൈന്യം ഈ മേഖല ഉപരോധിച്ചിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

വടക്കന്‍ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിനു നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ കുറഞ്ഞത് 33 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍. സ്ത്രീകളും കുട്ടികളും അടക്കം 70ലേറെ പേർക്ക് പരുക്കേറ്റു. രണ്ടാഴ്ചയിലേറെയായി ഇസ്രയേൽ സൈന്യം ഈ മേഖല ഉപരോധിച്ചിരിക്കുകയാണ്.

ഗാസയിലെ ആക്രമണം അവസാനിപ്പിച്ച്, ഇസ്രയേൽ സൈന്യം പൂർണമായും പിൻവാങ്ങുകയും പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഇസ്രയേല്‍ ബന്ദികളെ വിട്ടുനല്‍കുകയുള്ളൂ എന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഈ പ്രസ്താവന. ഹമാസ് നയം വ്യക്തമാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജബലിയ അഭയാർഥി ക്യാംപ് ആക്രമിക്കപ്പെട്ടത്.

Also Read: ആദ്യം ഗാസയ്‌ക്കെതിരായ യുദ്ധം നിർത്തൂ, അതുവരെ ബന്ദികളെ വിട്ടയക്കില്ല: ഹമാസ്

വ്യാഴാഴ്ചയാണ് ഹമാസ് നേതാവ് യഹ്യ സിൻവാറിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. ബുധനാഴ്ച തെക്കൻ ഗാസയിൽ വെച്ച് യഹ്യ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്. ആക്രമണത്തിന്‍റെ ഡ്രോൺ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ഹമാസ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായിരുന്നു യഹ്യ സിന്‍വാർ.

Also Read: പൊടിയില്‍ മൂടി, സോഫയില്‍ ഇരിക്കുന്ന യഹ്യ സിന്‍വാര്‍! ഹമാസ് നേതാവിന്റെ 'അവസാന നിമിഷങ്ങള്‍' പുറത്തുവിട്ട് ഇസ്രയേല്‍

2023 ഒക്‌ടോബർ 7 മുതൽ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 42,500 പേർ കൊല്ലപ്പെടുകയും 99,546 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിൽ 1,139 പേരെങ്കിലും കൊല്ലപ്പെടുകയും 200ലധികം പേർ ബന്ദികളാകുകയും ചെയ്തു. ഇതില്‍ 100ല്‍  അധികം പേർ ഇപ്പോഴും ഹമാസിന്‍റെ പിടിയിലാണ്. 

SCROLL FOR NEXT