NEWSROOM

ദക്ഷിണ ലബനനിലെ ഏറ്റുമുട്ടലില്‍ എട്ട് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇസ്രയേല്‍ സൈന്യത്തിലെ വലിയൊരു വിഭാഗത്തെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള നേരത്തെ തന്നെ പ്രസ്താവനയിറക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ദക്ഷിണ ലബനനിലെ ഏറ്റുമുട്ടലില്‍ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. കഴിഞ്ഞ ആഴ്ച ലെബനനില്‍ കരയുദ്ധം ആരംഭിച്ച ശേഷം ഇസ്രയേല്‍ സൈന്യം നേരിടുന്ന എറ്റവും വലിയ തിരിച്ചടിയാണിത്. നാല് കമാന്‍ഡോകള്‍, രഹസ്യാന്വേഷണ യൂണിറ്റിലെ രണ്ട് അംഗങ്ങള്‍, ഒരു എന്‍ജിനീയറിങ് കോർപ്സ് അംഗം എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സൈന്യം അറിയിച്ചു.

ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് പ്രകാരം, ഹിസ്ബുള്ള സംഘവുമായുണ്ടായ വെടിവെപ്പിലാണ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടത്. മറ്റ് അഞ്ച് സൈനികർക്ക് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സൈനികരുടെ വിയോഗത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി. "നമ്മളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാൻ്റെ തിന്മയുടെ അച്ചുതണ്ടിനെതിരായുള്ള കഠിനമായ യുദ്ധത്തിൻ്റെ പാരമ്യത്തിലാണിപ്പോള്‍ നമ്മള്‍. എന്നാല്‍ നമ്മള്‍ ഒത്തൊരുമിച്ച്, ദൈവത്തിൻ്റെ സഹായത്തോടെ വിജയിക്കും, നെതന്യാഹു പറഞ്ഞു.

ഇറാൻ ഇസ്രായേലിലേക്ക് 180ലധികം മിസൈലുകൾ തൊടുത്തുവിട്ടതിന് പിന്നാലെ ലെബനനിലെ കരയുദ്ധത്തിനായി കാലാൾപ്പടയെയും കവചിത യൂണിറ്റുകളെയും വിന്യസിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇതോടെ ലോകത്തിലെ എണ്ണ ഉത്പാദന കേന്ദ്രമായ പശ്ചിമേഷ്യ കൂടുതല്‍ സംഘർഷങ്ങളിലെക്ക് കടക്കുകയാണ് എന്ന ആശങ്ക  ഉയർന്നിരിക്കുകയാണ്.

Also Read: 'പാശ്ചാത്യ രാജ്യങ്ങൾ പശ്ചിമേഷ്യ വിട്ടുപോകണം'; ഇറാന്‍റെ മിസൈല്‍ ആക്രമണത്തിനു ശേഷം പൊതുവേദിയില്‍ ആയത്തൊള്ള അലി ഖമേനി

ഇസ്രയേല്‍ സൈന്യത്തിലെ വലിയൊരു വിഭാഗത്തെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള നേരത്തെ തന്നെ പ്രസ്താവനയിറക്കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇസ്രയേലും ഹിസ്ബുള്ളയും നേരിട്ട് കരയുദ്ധം ആരംഭിച്ചത്. 2006ലെ ഹിസ്ബുള്ളയ്‌ക്കെതിരായ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കരയുദ്ധമാണ് ഇപ്പോള്‍ ഇസ്രയേല്‍ നടത്തുന്നത്. ഇസ്രയേലിന്‍റെ ഭാഗത്ത് മരണ സംഖ്യ വർധിച്ചതോടെയാണ് അന്ന് നേരിട്ടുള്ള യുദ്ധം അവസാനിപ്പിച്ചത്.

അതേസമയം, ഇറാന്‍റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈനിക തലവന്‍ ഹെർസി ഹലേവി പറഞ്ഞു. പശ്ചിമേഷ്യയില്‍ എവിടെയും ഇസ്രയേല്‍ സൈന്യത്തിന് ആക്രമണം നടത്താന്‍ സാധിക്കുമെന്ന് സൈനിക തലവന്‍ വ്യക്തമാക്കി.

Also Read: ഇറാന്‍-ഇസ്രയേല്‍ നിഴല്‍യുദ്ധം തുറന്ന പോരിന് വഴിമാറുമ്പോള്‍

"പശ്ചിമേഷ്യയില്‍ എവിടെയും എത്തിച്ചേരാനും ആക്രമിക്കാനും ഞങ്ങൾക്ക് കഴിവുണ്ട്. ഞങ്ങളുടെ ശത്രുക്കള്‍ക്ക് അതിതുവരെ മനസിലായിട്ടില്ല. വൈകാതെ അവരത് തിരിച്ചറിയും", ഹെർസി ഹലേവി പറഞ്ഞു.

ഇറാന്‍റെ മിസൈൽ ആക്രമണത്തില്‍ അപലപിച്ചില്ലെന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ വിലക്കേർപ്പെടുത്തിയിരുന്നു. ഇറാൻ നടത്തിയ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കാൻ കഴിയാത്ത ആർക്കും ഇസ്രയേലിന്‍റെ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്ന് വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

SCROLL FOR NEXT