ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ ഇറാനിൽ വെച്ച് കൊലപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സാണ് പരസ്യമായി ഇക്കാര്യം സമ്മതിച്ചത്. ഇന്നലെ വൈകീട്ട് സൈനിക ഉദ്യോഗസ്ഥരെ ആദരിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു തുറന്നുപറച്ചിൽ. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചിരുന്നെങ്കിലും കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഇസ്രയേൽ നേരിട്ട് അവകാശപ്പെട്ടിരുന്നില്ല.
ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ട് അഞ്ചു മാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വരുന്നത്. കഴിഞ്ഞ ജൂലൈയിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഹനിയയും സംഘവും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുകയും ഹനിയ കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചിരുന്നെങ്കിലും കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഇസ്രയേൽ നേരിട്ട് അവകാശപ്പെട്ടിരുന്നില്ല. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ 90 ശതമാനം പൂർത്തിയായെന്ന വാർത്തകൾക്കു പിന്നാലെയാണ് കാറ്റ്സിൻ്റെ പ്രതികരണം.
" ഇന്ന് ഹൂതി ഭീകര സംഘടന ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തുവിടുമ്പോൾ, നടത്തുന്ന പ്രസ്താവനയിൽ വ്യക്തമായ ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഹമാസിനെയും ഹിസ്ബുള്ളയെയും പരാജയപ്പെടുത്തി, ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തു. സിറിയയിലെ അസദ് ഭരണകൂടത്തെ അട്ടിമറിച്ചു, തിന്മയുടെ അച്ചുതണ്ടിന് ഞങ്ങൾ കനത്ത പ്രഹരം ഏൽപ്പിച്ചു, യെമനിലെ ഹൂതി ഭീകര സംഘടനയാണ് അവസാനമായി നിലകൊള്ളുന്നത്. അവരെയും ഞങ്ങൾ തകർക്കും. ടെഹ്‌റാനിലും ഗാസയിലും ലബനനിലും ഹനിയ, സിൻവാർ, നസ്‌റല്ല എന്നിവരോട് ചെയ്തത് പോലെ, അവരുടെ നേതാക്കളുടെയും തലയറക്കും," കാറ്റ്‌സ് പറഞ്ഞു.
തെഹ്റാനിലെ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇസ്മയില്‍ ഹനിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഗസ്റ്റ് ഹൗസിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഇടയില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ആളുകളെ നിയോഗിച്ചിരുന്നു എന്നാണ് ഇറാന്‍റെ അനുമാനം. സമ്പന്നര്‍ താമസിക്കുന്ന മേഖലയിലുള്ള ഈ വീട് ഐആര്‍ജിസി രഹസ്യ യോഗങ്ങള്‍ കൂടാനും പ്രധാനപ്പെട്ട അതിഥികളെ താമസിപ്പിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. ഇറാന്‍ പ്രസിഡന്‍റായി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ തെഹ്‌റാനില്‍ എത്തിയതായിരുന്നു ഹനിയ. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗസ്റ്റ് ഹൗസില്‍ വെച്ച് ഹനിയ കൊല്ലപ്പെടുന്നത്.