ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഉത്തരവിനെ തുടര്‍ന്ന് കിഴക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തില്‍ നിന്നും പലസ്തീനികള്‍ കൂട്ടമായി ഒഴിഞ്ഞു പോകുന്നു. അല്‍ മവാസി മേഖലയിലേക്ക് പോകാനാണ് സേന നിർദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയും ഖാന്‍ യൂനിസ് മേഖലയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീനികള്‍ കൂട്ടമായി പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകുന്നത്. പലസ്തീന്‍ റെഡ് ക്രസന്‍റ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇസ്രയേല്‍ ഖാന്‍ യൂനിസ് നഗരത്തില്‍ നടത്തിയ ആക്രമണങ്ങളില്‍ എട്ടോളം പേര്‍ മരിക്കുകയും മുപ്പതിലേറെ പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
അതെസമയം,ഗാസയില്‍ ആരോഗ്യ മേഖല നിയന്ത്രിക്കുന്ന ഹമാസിന്‍റെനിര്‍ദേശത്തെ തുടര്‍ന്ന് ഖാന്‍ യൂനിസ് മേഖലയിലെ യൂറോപിയന്‍ ഗാസ ആശുപത്രിയില്‍ നിന്നും രോഗികളും മെഡിക്കല്‍ സ്റ്റാഫുകളും ഒഴിഞ്ഞു പോയി തുടങ്ങി. ആശുപത്രി ഒഴിഞ്ഞു പോകുന്നതിന് രോഗികളെ സഹായിച്ചത് റെഡ് ക്രോസാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാന്‍ യൂനിസ് മേഖലയില്‍ നിന്നും ഇസ്രയേലിലേക്ക് 20 മിസൈല്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് പറയുന്നത്. ഈ ആക്രമണത്തോട് പ്രതികരിച്ച ഐഡിഎഫ് ഈ മേഖലയിലെ ഹമാസിന്‍റെനിരവധി ആയുധപ്പുരകളും ക്യാംപുകളും തകര്‍ത്തുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിക്കാനാണ് ഇസ്രയേല്‍ പ്രതിരോധ സേന നഗരവാസികളോട് ഒഴിഞ്ഞുപോകാന്‍ നിർദേശം നല്‍കിയത്.
ഖാന്‍ യൂനിസില്‍ താമസിക്കുന്നവര്‍ തങ്ങളുടെ സുരക്ഷയ്ക്കായി എത്രയും വേഗം ഹുമാനിറ്റേറിയന്‍ സോണിലേക്ക് മാറണമെന്ന് ഇസ്രയേല്‍ സൈന്യത്തിന്‍റെവക്താവ് എക്സില്‍ കുറിച്ചു.ഗാസയില്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായൊരു സ്ഥലമില്ലായെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഒഴിഞ്ഞു പോകല്‍ ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് എക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് പറഞ്ഞത്.