NEWSROOM

ഇസ്രയേലിൽ കാട്ടുതീ പടരുന്നു; നിരവധി പേർക്ക് പരിക്ക്, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കാട്ടുതീ നഗരത്തിലേക്കും വ്യാപിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിലെ ജറുസലേമിനടുത്ത് കാട്ടുതീ പടരുന്നുന്നതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കാട്ടുതീ നഗരത്തിലേക്കും വ്യാപിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. തീപടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.


ജറുസലേമിനടുത്ത് ഉണ്ടായ കാട്ടുതീയെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടരുമെന്ന ആശങ്ക വർധിച്ചുവരുന്നതിനാൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ റദ്ദാക്കിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തീ പടരുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും, അടിയന്തരഘട്ടങ്ങളിൽ സജ്ജമായിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇസ്രയേൽ പൊലീസിനെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസുകളെയും സഹായിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഹോം ഫ്രണ്ട് കമാൻഡ്, വ്യോമസേന, ഐഡിഎഫ് തുടങ്ങിയവയോട് ഉത്തരവിട്ടതായി സൈനിക മേധാവി പറഞ്ഞതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നായാണ് അധികാരികൾ ഇതിനെ വിലയിരുത്തുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം തീ വേഗത്തിൽ പടർന്നു പിടിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

ഇസ്രയേലിൻ്റെ അടിയന്തര മെഡിക്കൽ സർവീസായ മാഗൻ ഡേവിഡ് അഡോം (എംഡിഎ)ഇതുവരെ 23 പേർക്ക് ചികിത്സ നൽകിയതായി പറഞ്ഞു. ഇതിൽ 13 പേർ പൊള്ളലേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ പുക ശ്വസിച്ചുണ്ടായ അസ്വസ്വതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും ഇതിലുൾപ്പെടുന്നു. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ നിന്ന് നൂറുകണക്കിന് സാധാരണക്കാർ ഇപ്പോഴും അപകടത്തിലാണെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.

ഇസ്രയേലിലെ സ്ഥിതി വളരെ മോശമാണെന്ന് ഫയർ ചീഫ് ഇയാൽ കാസ്പി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ജീവൻ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യത്ത് ഇതുവരെ ഉണ്ടായ ഏറ്റവും വലിയ തീപിടുത്തമാണ് ഇതെന്നും ഇയാൽ കാസ്പി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ അഗ്നിശമന സേനകൾ ദുരിതബാധിത പ്രദേശങ്ങളിലെ ദേശീയ ഉദ്യാനങ്ങളിലേക്കും വനങ്ങളിലേക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ്. തീപിടുത്തം രൂക്ഷമായതോടെ ഒന്നിലധികം റോഡുകൾ അടയ്ക്കുകയും, ട്രെയിൻ റൂട്ടുകൾ നിർത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

മൗണ്ട് ഹെർസലിൽ നടക്കുന്ന ദേശീയ ചടങ്ങ് ഉൾപ്പെടെ സ്വാതന്ത്ര്യദിന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പകരം റെക്കോർഡുചെയ്‌ത ഡ്രസ് റിഹേഴ്‌സലാണ് സംപ്രേഷണം ചെയ്തെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സർക്കാർ അന്താരാഷ്ട്ര സഹായത്തിനായി അഭ്യർഥിച്ചിട്ടുണ്ട്. ഇറ്റലി, ക്രൊയേഷ്യ, നോർത്ത് മാസിഡോണിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന വിമാനങ്ങൾ സഹായിക്കാൻ പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT