ബെയ്റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്തേക്ക് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ ആദ്യം ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന പരാമർശവുമായി ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ബൈഡൻ ഭരണകൂടത്തിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ആക്രമണം നടക്കുന്ന മേഖലയിലെ ആളുകളോട് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മൂന്ന് തവണ മുന്നറിയിപ്പ് നൽകിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തിരുന്നു. ലബനനിൽ നിന്ന് പത്ത് ലക്ഷത്തിലധികം പേർ ഇതിനകം പാലായനം ചെയ്തെന്നും റിപ്പോർട്ടുണ്ട്. ഹസൻ നസ്റള്ളയുടെ പിൻഗാമിയായി പരിഗണിക്കുന്ന ഹാഷിം സെഫീദ്ദീനെ ലക്ഷ്യംവെച്ചാണ് ഇസ്രയേൽ ആക്രമണം തുടരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. അതേ സമയം സെഫീദ്ദീൻ കൊല്ലപ്പെട്ടെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇത് ഹിസ്ബുള്ളയോ ഇസ്രയേൽ സൈന്യമോ സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേൽ ആദ്യം ഇറാൻ്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തണമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവേദിയിലായിരുന്നു ട്രംപിൻ്റെ പരാമർശം. ആദ്യം ആക്രമണം, അതിന് ശേഷം ആശങ്കപ്പെടാം എന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന. അതേ സമയം, ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ബൈഡൻ ഭരണകൂടത്തിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഹമാസിൻ്റെ ഇസ്രയേൽ ആക്രമണത്തിന് ഒരു വർഷം പൂർത്തിയാക്കുന്ന ഒക്ടോബർ ഏഴിന് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയേക്കാമെന്ന സൂചനകളെ തള്ളാൻ പ്രയാസമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇറാൻ്റെ മിസൈൽ ആക്രമണം ന്യായമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ആക്രമണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ആഗോള തലത്തിൽ എണ്ണവിലയിൽ വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ യുഎന്നും ആശങ്ക പ്രകടിപ്പിച്ചു.