NEWSROOM

ഗാസയില്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണം; ഹമാസ് ഉന്നത നേതാവ് ഇസ്മായില്‍ ബര്‍ഹൂമിനെ വധിച്ച് ഇസ്രയേല്‍

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേല്‍ ആക്രമണം.

Author : ന്യൂസ് ഡെസ്ക്


ഹമാസ് ഉന്നത നേതാവിനെ വധിച്ച് ഇസ്രയേല്‍. ഗാസയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിലാണ് ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടത്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ നേതാവ് സലാഹ് അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് വീണ്ടും ഒരു ഉന്നത നേതാവിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്മായില്‍ ബര്‍ഹൂം ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ടെന്റില്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയായിരുന്നു അല്‍ മവാസിയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ സലാഹ് അല്‍ ബര്‍ദവീലും ഭാര്യയും കൊല്ലപ്പെട്ടു. 2021 മുതല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാണ് ബര്‍ദവീല്‍. ഗാസയിലെ പ്രാദേശിക പൊളിറ്റിക്കല്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചിരുന്നു.

വെടിനിര്‍ത്തലും, സമാധാന കരാര്‍ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചത്. മാര്‍ച്ച് 18ന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ അറുന്നൂറിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കുമേറ്റു. ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാശ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ, ഇസ്രയേല്‍ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളത്രയും തടഞ്ഞിരുന്നു. കുടിവെള്ളവും ഭക്ഷണവും തുടങ്ങി ആശുപത്രിയിലേക്കുള്ള അത്യാവശ്യ സാമഗ്രികള്‍ വരെ ഇത്തരത്തില്‍ ഇസ്രയേല്‍ തടഞ്ഞിട്ടു. പിന്നാലെയായിരുന്നു വ്യോമാക്രമണം. 2023 നവംബര്‍ ഏഴ് മുതല്‍, വെടിനിര്‍ത്തല്‍ തുടങ്ങിയ 2025 ജനുവരി വരെ ഗാസയില്‍ കൊല്ലപ്പെട്ടത് 46,913 പേരായിരുന്നു. അതില്‍ 17,492 പേര്‍ കുട്ടികളായിരുന്നു. 11,160 പേരെ കാണാതായി. ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെയുള്ള വെടിനിര്‍ത്തല്‍ കാലയളവില്‍, 170 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


SCROLL FOR NEXT