ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിന് സമീപം ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതിൽ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടി നൽകുമെന്നും, ഹൂതികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
"ഞങ്ങൾ മുൻകാലങ്ങളിൽ ഹൂതികളെ ആക്രമിച്ചിരുന്നു, ഭാവിയിലും ആക്രമിക്കും" എന്നാണ് നെതന്യാഹു ഹൂതികൾക്കെതിരെ ഭീഷണി സന്ദേശം മുഴക്കിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്.
ബെൻ ഗുരിയോൺ വിമാനത്താവളത്തിൻ്റെ പ്രധാന ടെർമിനലിന് സമീപത്തുണ്ടായ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. മിസൈലാക്രമണത്തെ തുടർന്ന് റോഡുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടങ്ങൾ അടച്ചിരുന്നു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ട സ്ഥിതിയും ഉണ്ടായി. ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. മിസൈലാക്രമണത്തിന് പിന്നാലെ ഞങ്ങളെ ആക്രമിച്ചത് ആരായാലും അവരെ ഏഴിരട്ടിയായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പ്രതികരിച്ചിരുന്നു.
മിസൈൽ അടുത്തെത്തിയപ്പോൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി സൈറണുകൾ മുഴങ്ങിയെന്നും, എന്നാൽ അത് തടയുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രയേൽ വ്യോമസേന അറിയിച്ചെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് തങ്ങളുടെ രാജ്യത്തെ ആക്രമിച്ചവർക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്.