NEWSROOM

"ഇതൊരു വലിയ വിജയമാണ്!": ട്രംപിന്‍റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന ഇസ്രയേല്‍

യുഎസ് തെരഞ്ഞെടുപ്പില്‍ ആരു വിജയിക്കണമെന്ന ചോദ്യത്തിനു 65 ശതമാനം ഇസ്രയേല്‍ പൗരരും കമലാ ഹാരിസിനേക്കാള്‍ ട്രംപിനാണ് മുന്‍ഗണന നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

യുഎസില്‍ വോട്ടെണ്ണല്‍ പൂർത്തിയാകുന്നതിനു മുന്‍പ് നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഇസ്രയേല്‍ സർക്കാരില്‍ നിന്നും വിജയാശംസകളുടെ പ്രവാഹമായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയുടെ വിജയത്തെ ഇസ്രയേല്‍ ഭരണകൂടത്തിലെ വലതുപക്ഷ ചിന്താഗതിക്കാർ തുറന്ന ഹൃദയത്തോടെയാണ് വരവേറ്റത്.  തെരഞ്ഞെടുപ്പ് ഫലം അന്തിമം ആകുന്നതിനു മുന്‍പ് തന്നെ തീവ്ര വലതുപക്ഷക്കാരനും ഇസ്രയേല്‍ ദേശീയ സുരക്ഷ മന്ത്രിയുമായ ഇറ്റമർ ബെന്‍ ഗ്വിർ ട്രംപിനു ആശംസകള്‍ നേർന്നു. ഇംഗ്ലീഷില്‍ 'Yessss!' എന്ന് എക്സില്‍ കുറിച്ച ബെന്‍ ഗ്വിർ ഇസ്രയേല്‍, അമേരിക്കൻ പതാകകളുടെ ഇമോജികളും പങ്കുവെച്ചു. ട്രംപിന്‍റെ ഭരണത്തില്‍ ഇസ്രയേലുമായുള്ള ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷയാണ് ഈ പോസ്റ്റിലൂടെ മന്ത്രി സൂചിപ്പിച്ചത്. 

ദേശീയ സുരക്ഷാ മന്ത്രിക്ക് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനു അഭിനന്ദനം അറിയിച്ചു ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി . 'ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് അഭിനന്ദനങ്ങള്‍. വൈറ്റ് ഹൗസിലേക്കുള്ള നിങ്ങളുടെ ചരിത്രപരമായ തിരിച്ചുവരവ് അമേരിക്കയ്ക്ക് ഒരു പുതിയ തുടക്കവും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിന് ശക്തമായ പ്രതിബദ്ധതയും വാഗ്ദാനം ചെയ്യുന്നു. ഇതൊരു വലിയ വിജയമാണ്!,' നെതന്യാഹു എക്സില്‍ കുറിച്ചു. ട്രംപിനു ആശംസകള്‍ നേർന്ന ആദ്യ ലോക നേതാവ് കൂടിയായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു.

രണ്ട് ദിവസം മുന്‍പ് യുഎസ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ വന്‍ വിജയമാണ് റിപ്പബ്ലിക്കന്‍ പാർട്ടി നേടിയത്. 295 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയായിരുന്നു ട്രംപിന്‍റെ വിജയം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്‍റുമായ കമല ഹാരിസിനു 226 ഇലക്ട്രല്‍ വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ. 51 ശതമാനം വോട്ടുകളാണ് ട്രംപ് രാജ്യത്ത് സമാഹരിച്ചത്. തെരഞ്ഞെടുപ്പില്‍ നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപിനായിരുന്നു മേല്‍ക്കൈ. ഈ ഫലം ആഗ്രഹിച്ചവരാണ് ഭൂരിപക്ഷം ഇസ്രയേല്‍ പൗരരുമെന്നാണ് രാജ്യത്ത് നടന്ന മാധ്യമ സർവേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 

യുഎസ് തെരഞ്ഞെടുപ്പില്‍ ആരു വിജയിക്കണമെന്ന ചോദ്യത്തിനു 65 ശതമാനം ഇസ്രയേല്‍ പൗരരും കമലാ ഹാരിസിനേക്കാള്‍ ട്രംപിനാണ് മുന്‍ഗണന നല്‍കിയത്. സർവേകളുടെ ഭാഗമായ യഹൂദരെന്ന് സ്വയം പരിചയപ്പെടുത്തിയ 72 ശതമാനം ആളുകളും ഇസ്രയേലിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ട്രംപ് അധികാരത്തില്‍ വരണമെന്നാണ് അഭിപ്രായപ്പെട്ടത്. 2020ല്‍ നടന്ന സർവേകളിലും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡനേക്കാള്‍ ട്രംപിനായിരുന്നു ഇസ്രയേല്‍ ജനത സാധ്യത കല്‍പ്പിച്ചത്. എന്നാല്‍, 2020 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ ബൈഡന്‍ പരാജയപ്പെടുത്തി.

ആദ്യ ട്രംപ് ഭരണകൂടം ഇസ്രയേല്‍ സർക്കാരിന്‍റെ നടപടികളോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചതാണ് ഈ പിന്തുണയ്ക്ക് കാരണം. സിറിയയിലെ അധിനിവേശ ഗോലാൻ കുന്നുകൾ ഇസ്രയേലിന്‍റെ പ്രദേശമായി ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചിരുന്നു. മാത്രമല്ല, ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായും അംഗീകരിച്ചു. തുടർന്ന് യുഎസ് എംബസിയും അവിടേക്ക് മാറ്റി സ്ഥാപിച്ചു. കുടിയേറ്റത്തെ പിന്തുണയ്ക്കുന്ന അംബാസിഡറിനെയാണ് ട്രംപ് അവിടെ നിയോഗിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ട്രംപിന്‍റെ നടപടികള്‍ വലിയ വിമർശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഇത്തരം വിമർശനങ്ങളെ ട്രംപ് മുഖവിലയ്‌ക്കെടുത്തില്ല.

ഇസ്രയേലും നാല് അറബ് രാജ്യങ്ങളും തമ്മിലുള്ള അബ്രഹാം ഉടമ്പടിക്കു പിന്നിലും ഡൊണാള്‍ഡ് ട്രംപായിരുന്നു. പ്രദേശത്തെ ഇസ്രയേലിന്‍റെ നിലനില്‍പ്പിനു ശക്തിപകർന്ന ഈ ഉടമ്പടിയുടെ ഭാഗമാകുന്നതിനു പകരമായി ബഹ്‌റൈൻ, യുഎഇ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾക്ക് ഇസ്രയേല്‍ ആയുധ സഹായങ്ങളും യുഎസ് വിവധ ഇളവുകളും നല്‍കി.

ഈ വർഷം ജൂലൈയിൽ ഇസ്രയേൽ പ്രധാനമന്ത്രിയെ തൻ്റെ ഫ്ലോറിഡ എസ്റ്റേറ്റായ മാർ-എ-ലാഗോയിലേക്ക് സ്വാഗതം ചെയ്തപ്പോൾ നെതന്യാഹുവുമായുള്ള ഊഷ്മളമായ ബന്ധം പുനഃസ്ഥാപിക്കാനുള്ള ആഗ്രഹവും ട്രംപ് പ്രകടിപ്പിച്ചിരുന്നു. നേരെമറിച്ച്, നെതന്യാഹുവുമായി ബൈഡൻ ഭരണകൂടത്തിന്‍റെ ബന്ധം ശക്തമാണെങ്കിലും, ഗാസയ്‌ക്കെതിരായ യുദ്ധം പുരോഗമിച്ച ക്രമത്തില്‍ അതില്‍ വിള്ളല്‍ വീണു.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റാകുന്നതോടെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വീണ്ടും സജീവമാകുമെന്നാണ് രാഷ്ട്രീയ വിമർശകർ വിലയിരുത്തുന്നത്. നെതന്യാഹുവും ട്രംപും ഒരേപോലെ വംശഹത്യ അജണ്ട പങ്കിടുന്നവരാണെന്നാണ് സ്വതന്ത്ര രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഒറി ഗോൾഡ്ബെർഗിന്‍റെ നിരീക്ഷണം. യുഎസിലെ ഭരണമാറ്റം ഇസ്രയേല്‍ സ്വാഗതം ചെയ്യുന്ന വിധം പലസ്തീനെ ഭയപ്പെടുത്തുന്നതാണ്. ജോ ബൈഡൻ ഭരണകൂടം ഇതിനകം നൽകിയ ആയുധങ്ങളും സഹായവും നയതന്ത്ര പിന്തുണയും റഫ അടക്കമുള്ള അഭയാർഥി കേന്ദ്രങ്ങളില്‍ കൂട്ടക്കുരുതി നടത്താന്‍ സഹായിച്ചിരുന്നു. ട്രംപ് നെതന്യാഹുവുമായി സ്ഥാപിക്കുന്ന 'ഊഷ്മള ബന്ധം' എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഗാസയിലെയും വെസ്റ്റ് ബാങ്കിലേയും ജനങ്ങള്‍. 

SCROLL FOR NEXT