NEWSROOM

'ഇറാന്‍ ആണവകേന്ദ്രങ്ങളെ ഇസ്രയേൽ ഈ വ‍ർഷം ആക്രമിക്കും'; യുഎസ് ഇന്റലിജൻസ് റിപ്പോ‍ർട്ട് പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേണല്‍

ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ദിനത്തിൽ സമ‍ർപ്പിക്കപ്പെട്ട റിപ്പോ‍ർ‌ട്ടിലും ആക്രമണപദ്ധതിയെക്കുറിച്ച് പറയുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇറാന്റെ ആണവപദ്ധതികളെ ഇസ്രയേൽ ഈ വ‍ർഷം ആക്രമിക്കുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോ‍ർട്ട്. വാൾ സ്റ്റ്രീറ്റ് ജേണലാണ് റിപ്പോ‍ർട്ട് പുറത്തുവിട്ടത്. ഇറാൻ അതിവേ​ഗം ആണവായുധം വികസിപ്പിക്കുമെന്ന വിവരത്തെ തുടർന്നാണ് ഇസ്രയേൽ പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോ‍ർ‌ട്ട്. ജോ ബൈഡൻ സ‍‍ർക്കാരിന്റെ അവസാന ദിനങ്ങളിലാണ് ആക്രമണത്തിനുള്ള സമയം തീരുമാനിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ദിനത്തിൽ സമ‍ർപ്പിക്കപ്പെട്ട റിപ്പോ‍ർ‌ട്ടിലും ആക്രമണപദ്ധതിയെക്കുറിച്ച് പറയുന്നുണ്ട്.

ഇസ്രയേലിന്റെ അന്ത്യം കുറിക്കും എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന ഇറാനിയൻ ഭരണകൂടം അതിവേ​ഗം ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നു എന്ന റിപ്പോ‍‌ർട്ടിന് പിന്നാലെ ഇറാന്റെ ആണവായുധ പദ്ധതികളെ ആക്രമിക്കാൻ ഇസ്രയേൽ സമയം കുറിച്ചതായാണ് റിപ്പോ‌‍‍ർട്ടുകൾ. ഇത് സംബന്ധിച്ച് രണ്ട് അസെസ്മെന്റുകളാണ് യുഎസ് ഭരണകൂടത്തിന് സമ‍‌ർപ്പിക്കപ്പെട്ടതെന്നും ഇന്റലിജൻസ് വാർത്താ സ്രോതസുകളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോ‌‍ർട്ട് ചെയ്യുന്നു. ​ഈ വർഷം ആക്രമിക്കുമെന്നാണ് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ആദ്യ അസെസ്മെന്റ് ജോ ബൈഡൻ സർക്കാരിന്റെ അവസാന ദിനങ്ങളിലും രണ്ടാം അസെസ്മെന്റ് ട്രംപ് സർക്കാരിന്റെ ആദ്യ ദിനത്തിലും സമ‍ർപ്പിക്കപ്പെട്ടു. എന്നാൽ, റിപ്പോ‍ർ‌ട്ടിനോട് പ്രതികരിക്കാൻ ഇസ്രയേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും വിസമ്മതിച്ചു. യുഎസ് ദേശീയ സുരക്ഷാ കൗൺസിലും വാ‍ർത്തയോട് പ്രതികരിച്ചിട്ടില്ല.

ആണവേതര ആവശ്യങ്ങൾക്കായാണ് തങ്ങളുടെ ആണവപദ്ധതിയെന്നാണ് ഇറാന്റെ വാദം. എന്നാൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് യുദ്ധേതര ആവശ്യത്തിനല്ലെന്ന് അന്താരാഷ്ട്ര ആണവോ‍ർജ ഏജൻസി വ്യക്തമാക്കിയിരുന്നു. ആണവ പദ്ധതി കേന്ദ്രങ്ങളിലേക്ക് നിരീക്ഷണ ഏജൻസിയെ ഇറാൻ അനുവദിക്കുന്നതുമില്ല. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരുടെ ഒരു രഹസ്യ സംഘം ആണവായുധം അതിവേ​ഗം നി‍‌ർമിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുന്നതായുള്ള യുഎസ് ഇന്റലിജൻസ് വിവരം ന്യൂയോർക് ടൈംസ് നേരത്തെ പുറത്തുവിട്ടിരുന്നു.

SCROLL FOR NEXT