NEWSROOM

ഒക്ടോബർ 7 ആക്രമണങ്ങളില്‍ സൈനികയെ വലിച്ചിഴച്ച ഹമാസ് അംഗത്തെ കൊലപ്പെടുത്തി; സ്ഥിരീകരണവുമായി ഇസ്രയേല്‍

നഹൽ ഓസിലെ ആക്രമണത്തിലാണ് നാമ ലെവിയെ ഹമാസ് ബന്ദിയാക്കിയത്

Author : ന്യൂസ് ഡെസ്ക്

2023 ഒക്ടോബർ 7 ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടയിൽ നാമ ലെവി എന്ന സൈനികയെ കൈകൾ ബന്ധിച്ച് ട്രക്കിലേക്ക് വലിച്ചിഴച്ച ഹമാസ് അം​ഗത്തെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി ഇസ്രയേൽ സൈന്യം. മുഹമ്മദ് അബു അസീദിനെ വധിച്ചതായാണ് ഇസ്രയേൽ സ്ഥിരീകരിച്ചിരിക്കുന്നത്. നഹൽ ഓസിലെ ആക്രമണത്തിലാണ് നാമ ലെവിയെ ഹമാസ് ബന്ദിയാക്കിയത്. നാമ ലെവിയുടെ കുതികാലുകൾ മുറിച്ച് കൈകൾ പിന്നിലേക്ക് കെട്ടി തലമുടിയിൽ പിടിച്ച് റോഡിലൂടെ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ലോകവ്യാപകമായി ഞെട്ടലുണ്ടാക്കിയിരുന്നു.



നാലുമാസം മുൻപ് വ്യോമാക്രമണത്തിലാണ് അബു അസീദ് കൊല്ലപ്പെട്ടത്. ഹമാസിന്‍റെ ഷാതി ബറ്റാലിയൻ അംഗമായിരുന്നു. ​ഗാസ വെടിനിർത്തൽ കരാർ പ്രകാരം ജനുവരി 25 ന് മോചിപ്പിക്കപ്പട്ട മൂന്ന് ഇസ്രയേൽ വനിതാ സൈനികരിൽ നാമ ലെവിയും ഉണ്ടായിരുന്നു. 2023 ഡിസംബറിൽ, നാമ ലെവിയെ ക്രൂരമായി കൈയ്യേറ്റം ചെയ്യുന്ന വീഡിയോ പരാമർശിച്ചുകൊണ്ട് മകളുടെ മോചനത്തിനായി അമ്മ അഭ്യർത്ഥിച്ചിരുന്നു.

കഴിഞ്ഞ മാസം നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ ഷെജയ്യ ബറ്റാലിയനിലെ ‌ എലൈറ്റ് നുഖ്ബ ഫോഴ്‌സ് അംഗമായ ഹെയ്തം ഹസീം ഹിജാസി റജബ് കൊല്ലപ്പെട്ടതായും ഐഡിഎഫ് അറിയിച്ചു. നഹൽ ഓസ് ആക്രമണത്തിൽ റജബും പങ്കെടുത്തിരുന്നു. കൂടാതെ ​ഗാസയിലെ യുദ്ധത്തിനിടയിൽ സൈനികർക്കെതിരായി നിരവധി ആക്രമണങ്ങളിലും പങ്കാളിയായിരുന്നുവെന്ന് സൈന്യം പറഞ്ഞു.

​ഗാസ വെടിനിർത്തൽ കരാർ പ്രകാരം ബന്ദി കൈമാറ്റം പുരോ​ഗമിക്കുന്ന സാഹചര്യത്തിലാണ് ഹമാസ് അം​ഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഹമാസിന്റെ സായുധ വിഭാ​ഗമായ ഖസ്സാം ബ്രിഗേഡ് നാളെ മോചിപ്പിക്കുന്ന മൂന്ന് പേരുടെ പട്ടിക ഇസ്രയേലിനു കൈമാറിയിട്ടുണ്ട്. ഒഫർ കാൽദെറോൺ, കീത്ത് സീഗൽ, യാ‍ർദൻ ബിബാസ് എന്നിവരെയാണ് മോചിപ്പിക്കുക. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിലാണ് മൂന്നുപേരെയും ബന്ദികളാക്കിയത്. പകരമായി 90 പലസ്തീൻ തടവുകാരെ ഇസ്രയേലും നാളെ മോചിപ്പിക്കും. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒമ്പത് തടവുകാരെയും ദീർഘകാല തടവ് ശിക്ഷ ലഭിച്ച 81 പേരെയുമാകും മോചിപ്പിക്കുക.

SCROLL FOR NEXT