NEWSROOM

വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍ ; ഗാസയില്‍ 21 പേര്‍ കൊല്ലപ്പെട്ടു

മധ്യ ഗാസയിലെ ബ്യുറേജ് അഭയാര്‍ഥി ക്യാമ്പിനു കിഴക്കുള്ള പ്രദേശങ്ങളിലും ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബിങ്ങ് ശക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍

Author : ന്യൂസ് ഡെസ്ക്

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഗാസയ്ക്ക് തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ 18 പേരും വടക്ക്, ഗാസ നഗരത്തില്‍ രണ്ട് പേരും നുസൈറത്ത് അഭയാര്‍ഥി ക്യാംപില്‍ ഒരാളുമാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. മധ്യ ഗാസയിലെ ബ്യുറേജ് അഭയാര്‍ഥി ക്യാംപിനു കിഴക്കുള്ള പ്രദേശങ്ങളിലും ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബിങ്ങ് ശക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

അതേസമയം  ഇസ്രയേലിന്‍റെ തടങ്കലില്‍ മരിച്ച ഹമാസ് നേതാവ് മുസ്തഫ മുഹമ്മദ് അബു ആറയുടെ മരണത്തില്‍ മകന്‍ സെയ്ദ് അബു ആറ ഇസ്രയേലിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നു. ഇസ്രയേല്‍ മരുന്നും ഭക്ഷണവും നിഷേധിച്ചതാണ് മരണത്തിനു കാരണമായതെന്നാണ് സെയ്ദ് അബു ആറയുടെ ആരോപണം.

ഗാസയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ഗാസയില്‍ നമ്മളെല്ലാം ഒന്നായി പരാജയപ്പെട്ടുവെന്ന് പലസ്തീന്‍ നയതന്ത്ര പ്രതിനിധി യോഗത്തില്‍ പറഞ്ഞു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 39,175 പേര്‍ കൊല്ലപ്പെട്ടു. 90,403 പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.

SCROLL FOR NEXT