NEWSROOM

ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചെന്ന് ഇസ്രയേല്‍; കൊല്ലപ്പെട്ടത് നസറുള്ളയുടെ പിൻഗാമി

മറ്റു മൂന്ന് പേർക്കും വ്യോമാക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്


ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം. മറ്റു മൂന്ന് പേർക്കും വ്യോമാക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഹിസ്ബുള്ളയുടെ മാധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്. അഫീഫിന്റെ വിയോഗത്തില്‍ മാധ്യമ വിഭാഗം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് അഫീഫായിരുന്നു. സെപ്റ്റംബര്‍ അവസാനം ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസറള്ളയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്.

ലബനന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നര മാസമായി ഹിസ്ബുള്ളയ്‌ക്കെതിരെ ലബനന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രയേല്‍ കരയുദ്ധം നടത്തുകയാണ്. രാജ്യത്തിൻ്റെ തെക്കൻ ഭാഗത്ത് ഇസ്രയേൽ സൈനിക താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് ലെബനീസ് സൈനികരും കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു.

അതേസമയം, വടക്കൻ ഗാസയുടെ ബെയത് ലഹിയയിൽ ഇസ്രയേൽ നടത്തിയ സൈനിക ആക്രമണങ്ങളിൽ 30 പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT