NEWSROOM

ഇന്ത്യയില്‍ നിന്ന് വീണ്ടും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേല്‍; ഇത്തവണ 15,000 പേര്‍

മതിയായ യോഗ്യതയില്ലെന്ന് പറഞ്ഞ് 500 ഓളം ഇന്ത്യക്കാരെ രാജ്യത്തേക്ക് തന്നെ ഇസ്രയേല്‍ അടുത്തിടെ തിരിച്ചയച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്


ഇന്ത്യയില്‍ നിന്ന് 10,000 നിര്‍മാണ തൊഴിലാളികളെയും 5000 ത്തോളം കെയര്‍ ഗിവേഴ്‌സിനെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേല്‍. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നതെന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചു.

ഗാസയുമായി യുദ്ധം തുടരുന്നതിനിടെ ഇസ്രയേലില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഒരു ലക്ഷത്തിലേറെ വരുന്ന പലസ്തീനികള്‍ക്ക് പകരമായാണ് ഇന്ത്യയില്‍ നിന്നടക്കം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.

എന്നാല്‍ മതിയായ യോഗ്യതയില്ലെന്ന് പറഞ്ഞ് 500 ഓളം ഇന്ത്യക്കാരെ രാജ്യത്തേക്ക് തന്നെ ഇസ്രയേല്‍ അടുത്തിടെ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നത്.


ടെല്‍ അവീവ് യോഗ്യരായ 90,000 പേരെയാണ് പലസ്തീനികള്‍ക്ക് പകരം വിവിധ ജോലികൡലേക്കായി തേടുന്നത്. കഴിഞ്ഞ നവംബറില്‍ ഇന്ത്യയുമായി ഇസ്രയേല്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവെച്ചിരുന്നു.

2023 ഡിസംബറിനും 2024 മാര്‍ച്ചിനും ഇടയില്‍ നടന്ന റിക്രൂട്ട്‌മെന്റില്‍ 10,349 പേരെ തെരഞ്ഞെടുത്തിരുന്നു. ഇവര്‍ക്ക് പ്രതിമാസ വേതനമായി 1.92 ലക്ഷം രൂപയും മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ആഹാരം, താമസം എന്നിവയും ലഭിക്കും. ഉത്തര്‍പ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ട റിപ്പോര്‍ട്ട് നടത്തിയത്.




SCROLL FOR NEXT