ചൊവ്വാഴ്ച ലെബനനിലുടനീളം നടന്ന പേജർ സ്ഫോടനങ്ങളിൽ ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഹിസ്ബുള്ള. സ്ഫോടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 2,800 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഈ ക്രിമിനൽ ആക്രമണത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലി ശത്രുക്കൾക്കാണെന്നും ആക്രമണത്തിന് ഇസ്രയേലിന് തീർച്ചയായും ശിക്ഷ ലഭിക്കുമെന്നും ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.
മരിച്ചവരിൽ തങ്ങളുടെ രണ്ട് പോരാളികളും ഒരു പെൺകുട്ടിയുമുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ബെയ്റൂട്ടിലെ ഇറാൻ അംബാസഡർക്കും ഒരു പേജർ സ്ഫോടനത്തിൽ പരുക്കേറ്റിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ പരുക്ക് ഗുരുതരമല്ല.
അതേസമയം, ഇസ്രയേലിൻ്റെ പ്രധാന ആയുധ ദാതാക്കളായ യു എസ് തങ്ങൾക്ക് ഈ ആക്രമണത്തിൽ പങ്കില്ലെന്നും ആക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളക്കെതിരായ ആക്രമണം വിപുലീകരിക്കുന്നതിനെ കുറിച്ച് ഇസ്രയേൽ പ്രഖ്യാപനം നടത്തി രണ്ട് മണിക്കൂറിന് ശേഷമാണ് പേജർ ആക്രമണങ്ങൾ ഉണ്ടായത്.