NEWSROOM

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് പോളിറ്റ് ബ്യൂറോ അംഗവും ഭാര്യയും കൊല്ലപ്പെട്ടു

ടെന്റില്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്



ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു. അല്‍ മവാസി മേഖലയില്‍ നടന്ന ആക്രമണത്തില്‍ ബര്‍ദവീലിന്റെ ഭാര്യയും കൊല്ലപ്പെട്ടതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വാര്‍ത്തകളോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

ടെന്റില്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേല്‍ ബര്‍ദവീലിനെ വധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രക്തം, ഭാര്യയുടെയും രക്തസാക്ഷികളുടെയും രക്തം, വിമോചനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പോരാട്ടത്തില്‍ ഇന്ധനമായി നിലനില്‍ക്കും. ക്രിമിനല്‍ ശത്രുവിന് നമ്മുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛയെയും തകര്‍ക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 2021 മുതല്‍ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമാണ് ബര്‍ദവീല്‍. ഗാസയിലെ പ്രാദേശിക പൊളിറ്റിക്കൽ ബ്യൂറോയിലും പ്രവർത്തിച്ചിരുന്നു.

വെടിനിര്‍ത്തലും, സമാധാന കരാര്‍ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചത്. മാര്‍ച്ച് 18ന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ അറുന്നൂറിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കുമേറ്റു. ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഹമാസ് സൈനിക ഇന്‍റലിജൻസ് വിഭാഗം തലവൻ ഉസാമ തബാശ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ, ഇസ്രയേല്‍ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളത്രയും തടഞ്ഞിരുന്നു. കുടിവെള്ളവും ഭക്ഷണവും തുടങ്ങി ആശുപത്രിയിലേക്കുള്ള അത്യാവശ്യ സാമഗ്രികള്‍ വരെ ഇത്തരത്തില്‍ ഇസ്രയേല്‍ തടഞ്ഞിട്ടു. പിന്നാലെയായിരുന്നു വ്യോമാക്രമണം. 2023 നവംബർ ഏഴ് മുതല്‍, വെടിനിര്‍ത്തല്‍ തുടങ്ങിയ 2025 ജനുവരി വരെ ഗാസയില്‍ കൊല്ലപ്പെട്ടത് 46,913 പേരായിരുന്നു. അതില്‍ 17,492 പേര്‍ കുട്ടികളായിരുന്നു. 11,160 പേരെ കാണാതായി. ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെയുള്ള വെടിനിര്‍ത്തല്‍ കാലയളവില്‍, 170 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

SCROLL FOR NEXT