NEWSROOM

വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാംപിന് സമീപം ഇസ്രയേല്‍ ആക്രമണം; ലക്ഷ്യം ആയുധ ശേഖരങ്ങളെന്ന് സൈന്യം

വെസ്റ്റ് ബാങ്കിലെ ഓപ്പറേഷൻ ആരംഭിച്ചതു മുതൽ ഇസ്രയേൽ സൈന്യം പ്രാദേശിക സായുധ സംഘങ്ങളുമായി ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാംപിന് സമീപത്തുള്ള 23 കെട്ടിടങ്ങൾ തകർത്ത് ഇസ്രയേല്‍. ഞായറാഴ്ച നടന്ന സ്ഫോടന പരമ്പരയില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടതായി പലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയോളമായി വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഓപ്പറേഷന്‍ പ്രാദേശിക സായുധ സംഘങ്ങളെ ലക്ഷ്യമിട്ടാണെന്നാണ് ഇസ്രയേല്‍ സെെന്യത്തിന്റെ വാദം. ഇവർ ആയുധശേഖരങ്ങളായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളാണ് തകർത്തതെന്നും ഇസ്രയേൽ പ്രതിരോധ സേന വക്താവ് വ്യക്തമാക്കി.



ഗാസയില്‍ വെടിനിർത്തൽ കരാർ നിലവില്‍ വന്നതിന് രണ്ട് ദിവസത്തിന് ശേഷം, ജനുവരി 21 ഓടെയാണ് ഇസ്രയേൽ സൈന്യം ജെനിന്‍ വളഞ്ഞാക്രമിച്ച് തുടങ്ങിയത്. ഇസ്രയേൽ അധിനിവേശത്തോടെ പലായനം ചെയ്ത പലസ്തീനികള്‍ കുടിയേറിയ നഗരമാണ് ജെനിൻ. ഈ അഭയാർഥി ക്യാംപ് പതിറ്റാണ്ടുകളായി ഇസ്രയേൽ വിരു​ദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രവും സുരക്ഷാ സേനയുടെ റെയ്ഡുകളുടെ പ്രധാന ലക്ഷ്യവുമാണ്. വെസ്റ്റ് ബാങ്കിന്റെ പരിമിതമായ ഭരണം ഹമാസിൻ്റെ എതിരാളിയായ പലസ്തീൻ അതോറിറ്റിക്കാണെങ്കിലും ഇസ്രയേൽ ഇപ്പോഴും ഈ മേഖലയിൽ സൈനിക നിയന്ത്രണം നിലനിർത്തുന്നുണ്ട്. ​ഗാസയിലെ നിയന്ത്രണം ഏറ്റെടുക്കാനായി ഹമാസുമായി ഏറ്റുമുട്ടാൻ പോലും മടിക്കില്ലെന്ന് പലസ്തീൻ അതോറിറ്റി യുഎസിനോട് വ്യക്തമാക്കിയിരുന്നു.

വെസ്റ്റ് ബാങ്കിലെ ഓപ്പറേഷൻ ആരംഭിച്ചതു മുതൽ ഇസ്രയേൽ സൈന്യം പ്രാദേശിക സായുധ സംഘങ്ങളുമായി ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഓപ്പറേഷൻ പൂർത്തിയാകുന്നതുവരെ പ്രദേശത്ത് സുരക്ഷാ സേന തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ബുധനാഴ്ച പറഞ്ഞു. എന്നാല്‍ ഈ ആക്രമണ പരമ്പര എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തില്‍  പ്രതിരോധ മന്ത്രി വ്യക്തത വരുത്തിയില്ല.



സൈനിക നടപടി ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 50 പേരെ കൊലപ്പെടുത്തിയതായാണ് ഇസ്രയേൽ സൈന്യത്തിന്‍റെ കണക്ക്. 100-ലധികം ആളുകളെ തടവിലാക്കിയതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതിൽ ഒൻപത് പേർ സായുധ സംഘങ്ങളിലെ അംഗങ്ങളാണ്. കൊല്ലപ്പെട്ടവരിൽ 73 വയസ്സുള്ള ഒരു പുരുഷനും രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.

അതേസമയം, ഞായറാഴ്ച ദക്ഷിണ വെസ്റ്റ് ബാങ്കിലെ അറൂബിന് സമീപത്തുള്ള അഭയാർഥി ക്യാംപിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മുഹമ്മദ് അംജദ് ഹദൂഷ് എന്ന 27 കാരൻ കൊല്ലപ്പെട്ടു. ജെനിൻ, തുൽകാറം ക്യാംപുകളിൽ ലക്ഷ്യമാക്കി നടക്കുന്ന ‌ആക്രമണങ്ങൾ തടയാൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് യുഎൻ സുരക്ഷാ കൗൺസിലിനോട് അടിയന്തര സമ്മേളനം ചേരാന്‍ ആവശ്യപ്പെട്ടു.

SCROLL FOR NEXT