NEWSROOM

"ക്രൂരം, മനുഷ്യത്വരഹിതം"; മൃതദേഹങ്ങള്‍ മേല്‍ക്കൂരയില്‍ നിന്നും തള്ളിയിട്ട് ഇസ്രയേല്‍ സൈന്യം

ആക്രമണത്തില്‍ വെസ്റ്റ് ബാങ്കിലെ ഫൈറ്റർ സെല്‍ തലവനായ ഷാദി സകർനെ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഇന്‍റലിജന്‍സ് വിഭാഗമായ ഷിന്‍ ബെത് പറയുന്നു

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍‌ 17 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് വിഭാഗം. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഖബാത്തിയ മേഖലയില്‍ ഇസ്രയേല്‍ സൈനികർ മേല്‍ക്കൂരയില്‍ നിന്നും മൃതദേഹങ്ങള്‍ തള്ളി നീക്കുന്ന ദൃശ്യങ്ങള്‍ പലസ്തീനികള്‍ക്കിടയില്‍ വലിയ തോതില്‍ രോഷത്തിന് കാരണമായി തീർന്നു. 

ആക്രമണത്തില്‍ വെസ്റ്റ് ബാങ്കിലെ ഫൈറ്റർ സെല്‍ തലവനായ ഷാദി സകർനെ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഇന്‍റലിജന്‍സ് വിഭാഗമായ ഷിന്‍ ബെത് പറയുന്നു. ഖബാത്തിയയില്‍ നടന്ന റെയ്ഡില്‍ നാലു പലസ്തീനികളെ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഒരു കാറിനു നേരെ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടന്നു. കാറില്‍ സഞ്ചരിച്ചിരുന്നവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നു എന്നാണ് സൈന്യത്തിന്‍റെ വാദം.


ഖബാത്തിയയിലെ ഇസ്രയേല്‍ സൈനികരുടെ പെരുമാറ്റം തികച്ചും ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് പലസ്തീന്‍ നാഷണല്‍ ഇന്‍ഷിയേറ്റീവ് സെക്രട്ടറി ജനറല്‍ മുസ്തഫ ബർഗൗതി പറഞ്ഞു. സംഭവം ഇസ്രയേല്‍ സൈന്യത്തിന്‍റെ ക്രൂരത തുറന്നുകാട്ടിയെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം എക്സില്‍ കുറിച്ചു.

അതേസമയം, ലെബനനിലെ ഇസ്രയേലിന്‍റെ പേജർ, വോക്കി ടോക്കി ആക്രമണങ്ങൾക്ക് പിന്നാലെ ജനങ്ങൾ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇനിയും സ്ഫോടനമുണ്ടാകുമോ എന്ന ഭയത്തിലാണ് ജനം. വിമാനയാത്രയിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നത് വ്യോമയാന മന്ത്രാലയവും വിലക്കി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് 37 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 3,000 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 41,272 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 95,551 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1,139പേരാണ് കൊല്ലപ്പെട്ടത്. 239 പേരാണ് ഹമാസിന്‍റെ ബന്ദികളായത്.

SCROLL FOR NEXT