ഗാസയിൽ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് 290,000 കുട്ടികൾ മുഴു പട്ടിണിയിലെന്ന് റിപ്പോർട്ട്. ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസിനെ ഉദ്ധരിച്ച് കൊണ്ട് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. "രണ്ട് മാസത്തിലേറെ മുമ്പ് ആരംഭിച്ച ഉപരോധത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ, ലോകം മുഴുവൻ ഗാസയിലെ കുട്ടികളെ പട്ടിണിയിലാക്കുന്നതിൽ പങ്കുചേരുകയാണ്" എന്ന് ഗാസ മുനമ്പിലെ ഓക്സ്ഫാമിൻ്റെ ഭക്ഷ്യസുരക്ഷാ മേധാവി മഹ്മൂദ് അൽസഖ അൽ ജസീറയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഭക്ഷ്യശേഖരങ്ങള്‍ കാലിയായതോടെ ഗാസയിലെ കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവും നേരിടുന്നുണ്ട്. ഗാസയിലെ വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയില്‍ ഐക്യരാഷ്ട്ര സംഘടന ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവശ്യവസ്തുക്കളുടെ ക്ഷാമം ഗാസയിലെ ജനതയെ ഇഞ്ചിഞ്ചായി കൊല്ലുന്നുവെന്നും യുഎന്‍ ഏജന്‍സി അറിയിച്ചു.
കിണറുകള്‍ ഉപയോഗശൂന്യമാണ്, ശുദ്ധജലമില്ല. ഭക്ഷ്യവസ്തുക്കളെല്ലാം കാലിയായി, ഭക്ഷ്യ സംഭരണശാലകൾ ശൂന്യമാണ്.ഇന്ധനവും യന്ത്രങ്ങളുമില്ലാതെ മൃതദേഹങ്ങള്‍ പോലും നീക്കംചെയ്യാനാവില്ല. കുടിയിറക്കപ്പെട്ട കുടുംബങ്ങൾ ടെന്‍റുകളില്ലാതെ ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ താമസിക്കേണ്ട ഗതിയിലാണ്.
ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. എന്നാല്‍ മരുന്നുകളോ ചികിത്സാ ഉപകരണങ്ങളോ ഇല്ല. ഗാസയിലെവിടെയും ഇന്ന് അതിജീവനം സാധ്യമല്ല- യുഎന്നിന്‍റെ അഭയാർഥി ഏജന്‍സിയായ യുഎൻആർഡബ്യൂഎ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗാസയിലെ ഭക്ഷ്യപ്രതിസന്ധി കള്ളക്കഥയാണെന്നാണ് ഇസ്രയേലും വാദം ഉന്നയിച്ചിരുന്നു.